കേരളത്തിൽ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേരും പുറത്തുനിന്നു വന്നവരാണ്. 18 പേർക്ക് പരിശോധനാഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ മരിച്ചു. ഹൃദ്രോഗിയായിരുന്നു, ഗൾഫിൽനിന്നു വന്നതാണ്. ഇതോടെ സംസ്ഥാനത്ത് മരണം 10 ആയി. 1326 പേർക്കാണു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേർ ചികിത്സയിൽ. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശരാജ്യങ്ങളിൽ ഇന്നു മാത്രം 9 മലയാളികൾ മരിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തു മരിക്കുന്ന മലയാളികളുടെ എണ്ണം 210 ആയി.

121 ഹോട്സ്പോട്ടുകൾ ആണ് സംസ്ഥാനത്തുള്ളത്. പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് 5 പുതിയ ഹോട്സ്പോട്ടുകൾ. 

മാസ്ക് ധരിക്കാത്ത 3075 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാാറന്റീൻ ലംഘിച്ച 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ഡൗണി‍ൽനിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവിനോ കർക്കശമാക്കാനോ ഉള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. കൂട്ടംകൂടുന്നത് തുടർന്നും അനുവദിക്കാൻ കഴിയില്ല.

സാംസ്കാരിക പ്രസ്ഥാനങ്ങളിൽ കൂടുതലും പ്രായാധിക്യമുള്ളവരാണ്. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെടും. പ്രായമേറിയവർ‌ക്കു രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഗുരുവായൂരിൽ നിയന്ത്രണങ്ങളോടെ വിവാഹം അനുവദിക്കാമെന്നാണു കരുതുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ പൂർണ ലോക്ഡൗൺ ആയിരിക്കും. ജൂൺ 30 വരെ അതു വരെ തുടരും.

പുറത്തുനിന്നു വരുന്നതിനു തുടർന്നും പാസ് വേണം. അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാം. തൊട്ടടുത്ത ജില്ലകൾക്കിടയിൽ സർവീസ് ആകാമെന്നാണു കരുതുന്നത്. പകുതി സീറ്റുകളിലായിരിക്കും യാത്ര. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. കാറിൽ ഡ്രൈവർ‌ക്കു പുറമെ 3 പേർക്ക് യാത്ര ചെയ്യാം. ഓട്ടോയിൽ ഡ്രൈവറെ കൂടാതെ 2 പേർ മാത്രം.

മിക്ക പശ്ചാത്യ രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടർന്ന മിക്ക ഇടങ്ങളിലും ടെസ്റ്റിങ്ങിലും ട്രീറ്റ്മെന്റിലുമാണ് ഊന്നൽ നൽകിയത്. അതിനാൽ രോഗം പടരുന്നതു തടയാൻ സാധിച്ചില്ല. കേരളത്തിനു രോഗവ്യാപനം തടയാൻ സാധിച്ചത് ഈ തരത്തിലുള്ള പ്രവർത്തനം കൊണ്ടാണ്. വികേന്ദ്രീകരണമുള്ള ആരോഗ്യ സംവിധാനമാണ് നമ്മുടേത്. ഒരു രോഗിയിൽനിന്ന് എത്ര പേരിലേക്ക് രോഗം പടരുന്നു എന്നതാണ് മാനദണ്ഡം. മൂന്ന് ആണ് ലോകത്തിൽ ശരാശരി ഇതിലെ നമ്പർ. കേരളത്തിൽ ആദ്യത്തെ മൂന്ന് കേസുകൾ വുഹാനിൽനിന്നാണെത്തിയത്. അവരിൽനിന്ന് ഒരാൾക്കു പോലും പടർന്നുപിടിക്കാതിരിക്കാൻ നോക്കാൻ നമുക്കു സാധിച്ചു. ഈ നമ്പർ 0.45 ആക്കി നിലനിർത്താൻ നമുക്ക് സാധിച്ചൂ. ലോകത്ത് വളരെക്കുറച്ച് രാജ്യങ്ങൾക്കേ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here