കേരളത്തിൽ ശനിയാഴ്ച 488 പേർ‌ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ പോലെയാണ് ഇന്നത്തെയും അവസ്ഥ. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവർ 400ല്‍ കൂടുന്നു. 143 പേർ രോഗമുക്തി നേടി. അതോടൊപ്പം ഇന്ന് രണ്ട് പേർ മരിച്ചു. തിരുവനന്തപ‌ുരത്ത് 66 വയസ്സുള്ള സയ്ഫുദീന്‍, എറണാകുളത്ത് 79 വയസ്സുള്ള പി.കെ. ബാലകൃഷ്ണൻ, ഈ രണ്ടുപേരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തിനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗം. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4.

24 മണിക്കൂറിനിടെ 12,104 സാംപിളുകൾ പരിശോധിച്ചു. 1,82,050 പേർ നിരീക്ഷണത്തിലുണ്ട്. 3694 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 570 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 2,33,709 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാംപിളുകവുടെ പരിശോധന ഫലം വരണം. മുന്‍ഗണനാ ഗ്രൂപ്പുകളിൽനിന്ന് 73,768 സാംപിളുകൾ ശേഖരിച്ചു. 66,636 സാംപിളുകൾ നെഗറ്റീവ് ആയി. ഹോട്സ്പോട്ടുകൾ 195. പുതുതായി 16 ഹോട്സ്പോട്ടുകളാണ് നിലവിൽവന്നത്. സംസ്ഥാനത്താകെ രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചനയാണ് ഇന്ന് ലഭിക്കുന്ന കണക്കുകൾ. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേർക്ക് സമ്പർക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, ബഫർ സോണുകൾ ഇവിടങ്ങളിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു.

ജില്ലയിലെ 9 തദ്ദേശ സ്ഥാപനങ്ങളിലായി 45 വാർഡുകളാണ് ഇതുവരെ കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഇവിടങ്ങളിൽ സാമൂഹിക അവബോധം വർധിപ്പിക്കുന്നതിന് നോട്ടിസ് വിതരണം, മൈക്ക് അനൗൺസ്മെന്റ്, സോഷ്യൽ മീഡിയ പ്രചരണം ഇവയെല്ലാം നടത്തുന്നു. കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ്, റവന്യു, ആരോഗ്യ, ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക് റെസ്പോൺസ് ടീം രൂപീകരിച്ചു. ഈ സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം,. വൈദ്യുതി, തുടങ്ങി എല്ലാം സംഘം നിരീക്ഷിക്കും, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here