തിരക്കേറിയ റോഡുകളിൽ അപകടങ്ങളുണ്ടാക്കുന്ന ഡെലിവറി ബോയ്സ് ഉൾപ്പെടെയുള്ള ബൈക്ക് യാത്രികർക്കായി വലയൊരുക്കി പൊലീസ്. അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. നിയമങ്ങൾ പാലിക്കാതെ തലങ്ങും വിലങ്ങും അമിതവേഗത്തിൽ പായുന്നവർ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിലും മുന്നിലാണ്. പ്രധാന പാതകളിലടക്കം നിരീക്ഷണം ശക്തമാക്കിയതായി ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപാർട്മെന്റ് ഡയറക്ടർ ലഫ്.കേണൽ മുഹമ്മദ് അലായി അൽ നഖ്ബി പറഞ്ഞു.

സൈക്കിൾ യാത്രക്കാർ ഉൾപ്പെടുന്ന അപകടങ്ങളും കൂടിവരുന്നതായാണു റിപ്പോർട്ട്. ഇവർക്കെതിരെ ഒട്ടേറെ പരാതികൾ പൊലീസിനു ലഭിക്കുന്നുണ്ട്. ബൈക്ക് യാത്രികർക്കായി പൊലീസ് സഹകരണത്തോടെ ഷാർജ മുനിസിപ്പാലിറ്റി ബോധവൽക്കരണം ആരംഭിച്ചു. കൈപ്പുസ്തകങ്ങളും മറ്റും വിതരണം ചെയ്തു. ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലാത്തവർ പോലും ഡെലിവറി ബോയ്സായി ജോലി ചെയ്യുന്നുണ്ടെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ ജോലിക്കു നിയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്നു വ്യക്തമാക്കി. ചെറിയ ബൈക്കുകളിൽ യുഎഇ റോഡുകളിൽ മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ പായുന്ന കാഴ്ചകൾ പതിവാണ്.

ഭക്ഷണം എത്രയും പെട്ടെന്ന് എത്തിക്കാനുള്ള തിരക്കിൽ സ്പീഡ് ട്രാക്കിലൂടെയും മറ്റും പായുന്നത് പലപ്പോഴും അപകടകാരണമാകുന്നു. ഓവർടേക്ക് ചെയ്യുന്നതിലടക്കം പലരും ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. ഡെലിവറി ബോയ്സായി ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അപകടമുണ്ടാക്കുന്നതിൽ ആഡംബര ബൈക്കുകളും പിന്നിലല്ല. ചെറിയ അപകടങ്ങളിൽ പോലും ബൈക്ക് യാത്രികർക്ക് ഗുരുതര പരുക്കേൽക്കാൻ സാധ്യതയേറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here