തീരദേശ-മലയോര മേഖലകളിൽ കോടികളുടെ പദ്ധതികളുമായി വിനോദസഞ്ചാര രംഗത്തു വൻ കുതിപ്പിന് ഷാർജ. ഖോർഫക്കാൻ മലനിരകളിൽ രാജ്യാന്തര നിലവാരമുള്ള റോഡുകളും അൽ സുഹ്ബ് റെസ്റ്റ് ഹൗസും തുറന്നതോടെ സന്ദർശകരെ വരവേൽക്കാൻ കിഴക്കൻ തീരദേശ മേഖലയൊരുങ്ങി.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. അൽ സുഹ്ബ് റസ്റ്റ് ഹൗസിൽ നിന്ന് അൽ റഫീസ ഡാമിലേക്കുള്ള 3 കിലോമീറ്റർ മലമ്പാത ഗതാഗതത്തിനു തുറന്നുകൊടുത്തു. സാഹസിക സഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടാണ് പാത തുറന്നത്. ഇതോടനുബന്ധിച്ച് ഒട്ടേറെ ഉല്ലാസ പദ്ധതികളും പരിഗണനയിലാണ്.

സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിൽ 10,250 ചതുരശ്ര മീറ്ററിൽ 2 നിലകളിലുള്ള റെസ്റ്റ് ഹൗസിൽ മലയോര-തീരദേശ കാഴ്ചകൾ ആസ്വദിക്കാൻ വിശാല നിരീക്ഷണ കേന്ദ്രമുണ്ട്. ഹരിത മേഖല സജ്ജമാക്കാൻ 87,00 മരങ്ങളും വൈവിധ്യമാർന്ന ഒട്ടേറെ ചെടികളും നട്ടു. കുട്ടികൾക്കായി 541 ചതുരശ്രമീറ്ററിൽ സുരക്ഷാ സംവിധാനങ്ങളോടെ ഉല്ലാസമേഖലയും ഒരുക്കി. ഇവിടേക്കുള്ള 6.5 കിലോമീറ്റർ പാതയും വിശ്രമ-നിരീക്ഷണ കേന്ദ്രങ്ങളോടെയാണു പൂർത്തിയാക്കിയത്.

താഴത്തെ നിലയിൽ റസ്റ്ററന്റും കഫറ്റീരിയയുമുണ്ട്. അകത്ത് 88 പേർക്കും ബാൽക്കണിയിൽ 48 പേർക്കും ഇരിക്കാം. ബേസ്മെന്റിൽ ആഘോഷങ്ങളും മറ്റും നടത്താവുന്ന വിശാല ഹാളുണ്ട്. റൂളേഴ്സ് ഓഫിസ് മേധാവി ഷെയ്ഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി, ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസ്സർ അൽ ഒവൈസ്, ഇനിഷ്യേറ്റിവ്സ് ഇംപ്ലിമെന്റേഷൻ അതോറിറ്റി മേധാവി സലാഹ് ബിൻ ബുത്തി അൽ മുഹൈരി എന്നിവർ പങ്കെടുത്തു.

വാദി മേഖലകളിൽ പദ്ധതി പ്രവാഹം

വാദി അൽ ഹിലു, അൽ ഗെയിൽ ഡാം മേഖലകളിലെ മലനിരകളിലും ടൂറിസം പദ്ധതികൾ പുരോഗമിക്കുകയാണ്. 5 മലനിരകളെ ബന്ധിപ്പിച്ചുള്ള റോഡുകൾ, പരമ്പരാഗത രീതിയിലുള്ള ഹോട്ടലുകൾ, പാർപ്പിട കേന്ദ്രങ്ങൾ, ഉല്ലാസമേഖലകൾ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.

മലനിരകളെ ബന്ധിപ്പിച്ചുള്ള പദ്ധതി വിനോദസഞ്ചാരികൾക്കു പുതിയ അനുഭവമാകുമെന്നാണു പ്രതീക്ഷ. പാതകൾ, പാലങ്ങൾ എന്നിവയ്ക്കു പുറമേ പരമ്പരാഗത രീതിയിലുള്ള 1,000 വില്ലകൾ, 80 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങിയവയും ഉണ്ടാകും. താമസകേന്ദ്രങ്ങളിൽ നിന്നു മലയോര കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യമുണ്ട്. വാദി അൽ ഷുവ മേഖലയിലെ ഹണി റിസർവാണ് മറ്റൊരു മെഗാ പദ്ധതി. കാർഷിക മേഖല വിപുലമാക്കും. തേൻ ഉൽപാദനം കൂട്ടും.

ഭക്ഷ്യോൽപന്നങ്ങൾ, സൗന്ദര്യ വർധക ഉൽപന്നങ്ങൾ, ഔഷധങ്ങൾ എന്നിവ നിർമിക്കാനും പദ്ധതിയുണ്ട്. പരിശീലന-സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കുക, ഹരിതമേഖലകൾ വ്യാപിപ്പിക്കുക, കയറ്റുമതി കൂട്ടുക, വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്. അൽ ഹയാർ ടണലിനു സമീപം അൽ ഹാഫിയ റെസ്റ്റ് ഹൌസ് പദ്ധതിയും പുരോഗമിക്കുകയാണ്. റസ്റ്ററന്റുകളും ഉല്ലാസകേന്ദ്രങ്ങളുമൊരുക്കി സഞ്ചാരികളുടെ താവളമാക്കുകയാണു ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here