ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന്റെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ് താത്കാലികമായി നിർത്തലാക്കിയ തീരുമാനം പിൻവലിക്കണമെന്ന് യു.എ.ഇ. കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തേ റൺവേ റീകാർപെറ്റിങ് കാരണം നിർത്തിവെച്ച പ്രസ്തുത സർവീസുകൾ വിദഗ്ധരുടെ പരിശോധനകൾക്ക് ശേഷമാണ് വലിയ വിമാനങ്ങളുടെ സർവീസുകൾക്ക് അനുയോജ്യമാണെന്ന് ഡി.ജി.സി.എ. കണ്ടെത്തിയതും അനുമതി നൽകിയതും. സർവീസുകൾ സുഗമമാക്കാൻ ഡി.ജി.സി.എ. നിർദേശിച്ച ടാക്സി വേ ഫില്ലറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായി.

പ്രമുഖ വിമാനക്കമ്പനികളായ സൗദിയ, എയർ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തർ എയർവേസ് എന്നിവ പ്രത്യേകമായി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും സർവീസ് നടത്താൻ അനുമതിപത്രം നേടുകയും ചെയ്തതാണ്. ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നിവേദനങ്ങളുടെയും സമരങ്ങളുടെയും ശേഷമാണ് വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി ലഭിച്ചത്. അപകടത്തെ തുടർന്ന് ഉടനടി വലിയ വിമാന സർവീസ് താത്കാലികമായി നിർത്തലാക്കിയ നടപടി നീതീകരിക്കാനാവാത്തതാണെന്നും കെ.എം.സി.സി. യോഗം അഭിപ്രായപ്പെട്ടു.

വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ പുത്തൂർ റഹ്മാൻ യോഗത്തിൽ അധ്യക്ഷതവഹിച്ചു. അബ്ദുല്ല ഫാറൂഖി, അഷ്‌റഫ് പള്ളിക്കണ്ടം, എം.പി.എം. റഷീദ്, അബു ചിറക്കൽ, മുസ്തഫ മുട്ടുങ്ങൽ എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി നിസാർ തളങ്കര സ്വാഗതവും പി.കെ.എ. കരീം നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here