കോഴിക്കോട്: കാസർകോടിന് പിന്നാലെ കോഴിക്കോടും കോവിഡ് ആശങ്കയില്‍. കോഴിക്കോട് ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച അഞ്ചില്‍ നാലുപേരും നിസാമുദീൻ മർക്കസിൽ തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. രോഗ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും നിസാമുദ്ദീനിൽ നിന്നു വന്നത് കൊണ്ട് സാമ്പിളുകൾ പരിശോധിക്കുകയായിരുന്നു.

നാലു പേരുടെയും റൂട്ട് മാപ്പ് ലഭിച്ചിട്ടുണ്ട്. മൂന്നുപേരും മാർച്ച് 22ന് നവ് യുഗ് എക്‌സ്പ്രസില്‍ തിരിച്ചെത്തി. പന്നിയങ്കര, പേരാമ്പ്ര, കുറ്റ്യാടി സ്വദേശികളാണ് ഇവര്‍. നാലാമത്തെയാള്‍ മാര്‍ച്ച് 15ന് നിസാമുദ്ദീൻ എക്‌സ്പ്രസില്‍ വന്നു. ഇയാൾ കൊളത്തറ സ്വദേശിയാണ്. നാലുപേരും വന്ന ദിവസം മുതല്‍ ക്വാറന്‍റൈനിൽ ആയിരുന്നെന്ന് ജില്ലാ കളക്ടർ സാംബശിവറാവു പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചാമത്തെയാള്‍ ദുബായിൽ നിന്നാണ് വന്നത്. മാര്‍ച്ച് 21ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. ഇവിടെ നിന്ന് ടാക്സിയിൽ നാദാപുരത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. അഞ്ച് പേരുടെയും കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച ആർക്കും വലിയ സമ്പർക്കങ്ങൾ ഇല്ലാത്തത് ആശ്വാസമാണെങ്കിലും ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. നിസാമുദ്ദിനില്‍ നിന്നുവന്ന മറ്റ് ഒന്‍പത് പേര്‍ക്ക് കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here