കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്കായി സർക്കാർ ജീവനക്കാരുടെ അഞ്ച് മാസത്തെ ശമ്പളത്തിൽ നിന്നും മാസംതോറും ആറു ദിവസത്തെ വേതനം പിടിച്ചു വെക്കുന്നതുകൊണ്ട് ജീവനക്കാർക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായുള്ള നടപടിയുമായി കേരള സർക്കാർ. ശമ്പളം അടിസ്ഥാനമാക്കി ജീവനക്കാർ ലഭ്യമാക്കിയ വായ്പകൾ, മറ്റ് സാമ്പത്തിക ബാധ്യതകൾ തുടങ്ങിയവയുടെ പേരിൽ സഹായിക്കുവാനാണ് ഈ നടപടിയെന്ന് ഉത്തരവിൽ പറയുന്നു. 20,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവരുടെ ശമ്പളത്തിൽ നിന്നാണ് ദുരിതാശ്വാസത്തിന് തുക പിടിക്കുന്നത്. ശമ്പളത്തിൽനിന്ന് സർക്കാരിലേക്ക് ഉള്ള വായ്പ ഗഡു, മുൻകൂർ കൈപ്പറ്റിയ തുകയുടെ അടവ്, അതിൻറെ പലിശ തുടങ്ങിയവയ്ക്കാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള വേതനത്തിൽ നിന്നുള്ള തിരിച്ചടവ് തുക പിടിക്കേണ്ട എന്നാണ് തീരുമാനം. ഇത് പിന്നീട് സെപ്റ്റംബർ മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ പത്തു തുല്യ ഗഡുക്കളായി വേതനത്തിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. ഇളവ് ലഭിക്കാൻ ബന്ധപ്പെട്ട ജില്ലാ ഓഫീസർമാർക്ക് അപേക്ഷ നൽകണമെന്നും മൊത്തം ആറു ദിവസത്തെ വേതനം കുറയ്ക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ജീവനക്കാരുടെ പി.എഫ് വിഹിതം ആറ് ശതമാനമാക്കി കുറയ്ക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here