കോവിഡിനെ തുടര്‍ന്ന് തടസപ്പെട്ട ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടക്കും. ഫൈനല്‍ പോരാട്ടം ആഗസ്ത് 23നാണ് നിശ്ചയിച്ചിരിക്കുന്നത്. യൂറോപ ലീഗിലെ ബാക്കി മത്സരങ്ങള്‍ ജര്‍മ്മനിയിലും വനിതാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യനിലും ബില്‍ബാവോയിലുമായിട്ടാകും പൂര്‍ത്തീകരിക്കുക.

അതേസമയം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നടക്കാനുള്ള നാല് മത്സരങ്ങള്‍ നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ തന്നെയാകും നടക്കുക. രണ്ടാം പാദത്തില്‍ ആതിഥേയര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി- റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ- നാപ്പോളി, ബയേണ്‍ മ്യൂണിച്ച്- ചെല്‍സി, യുവന്റസ്- ലിയോണ്‍ എന്നീ മത്സരങ്ങളാണ് പ്രീക്വാര്‍ട്ടറില്‍ ബാക്കിയുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ മുതല്‍ ഒരു മത്സരം മാത്രമേ ഉണ്ടാവുകയുള്ളൂ.

യൂറോപ ലീഗ് പ്രീക്വാര്‍ട്ടറില്‍ റോമ- സെവില്ല, ഇന്റര്‍- ഗെറ്റാഫെ എന്നീ ടീമുകള്‍ തമ്മില്‍ ഇരുപാദങ്ങളിലെ മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇവ ആതിഥേയരുടേയും സന്ദര്‍ശകരുടേയും മൈതാനങ്ങളില്‍ തന്നെയാകും നടക്കുക. ബാക്കിയുള്ള പ്രീക്വാര്‍ട്ടറിലെ ആറ് മത്സരങ്ങളും മുന്‍ നിശ്ചയിച്ച പ്രകാരമുള്ള മൈതാനങ്ങളിലാണ് നടക്കുക. ക്വാര്‍ട്ടര്‍ മുതലാണ് മത്സരങ്ങള്‍ ജര്‍മ്മനിയിലേക്ക് മാറ്റുന്നത്. ചാമ്പ്യന്‍സ് ലീഗ് പോലെ യൂറോപ ലീഗിലും ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ട് മത്സരങ്ങളായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here