30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് കിരീടം. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത ലിവര്‍പൂളിന് ചെല്‍സി- സിറ്റി മത്സരഫലം കാത്തിരിക്കുക മാത്രമെ വേണ്ടിയിരുന്നുള്ളൂ.

ലീഗില്‍ ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയത്.  രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 22 പോയന്റ് ലീഡുണ്ട് യൂര്‍ഗര്‍ ക്ലോപ്പിനും സംഘത്തിനും. 31 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, മുഹമ്മദ് സലാ, ഫാബീഞ്ഞോ, സാദിയോ മാനെ എന്നിവരാണു പാലസിനെതിരെ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്.

ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത്. രണ്ട് മത്സരത്തില്‍ മാത്രം സമനില വഴങ്ങേണ്ടിവന്നു. 3-0ന് വാട്‌ഫോര്‍ഡിനോടാനായിരുന്നു ലിവര്‍പൂളിന്റെ തോല്‍വി. കഴിഞ്ഞ തവണ ലിവര്‍പൂളിന് ചാം്പ്യന്‍സ് ലീഗ് നേടികൊടുത്ത ക്ലോപ്പിന് ഈ വര്‍ഷം പ്രീമിയര്‍ ലീഗ് നേടിക്കൊടുക്കാനായത് നേട്ടമായി.

സിറ്റിക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച്, വില്ല്യന്‍ എന്നിവരാണ് ചെല്‍സിയുടെ ഗോള്‍ നേടിയത്. കെവിന്‍ ഡി ബ്രൂയ്‌നിന്റെ വകയായിരുന്നു സിറ്റിയുടെ ഏക ഗോള്‍. 77ാം മിനിറ്റില്‍ ഫെര്‍ണാണ്ടിഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here