ബാഴ്സലോണ ക്ലബിന്റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ പോവുകയാണ്‌. താന്‍ ഉടന്‍ ക്ലബ് വിടും എന്നാണ് മെസ്സി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മെസ്സി ബോര്‍ഡിന് അവസാന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്സലോണ വിടാന്‍ താന്‍ 2021വരെ കാത്തു നില്‍ക്കില്ല എന്നും ഈ സീസണില്‍ തന്നെ ക്ലബ് വിട്ടേക്കും എന്നുമാണ് മെസ്സി ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്.

ക്ലബില്‍ ആകെ അഴിച്ചുപണിയാണ് മെസ്സി ആവശ്യപ്പെടുന്നത്. താന്‍ ക്ലബില്‍ തുടരണമെങ്കിൽ ഈ ടീം കിരീടങ്ങള്‍ നേടാന്‍ പ്രാപ്തിയുള്ളതായിരിക്കണം എന്ന് മെസ്സി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബയേണെതിരായ 8-2ന്റെ പരാജയം ആണ് മെസ്സിയുടെ ക്ഷമ നശിപ്പിച്ചിരിക്കുന്നത്. ലയണല്‍ മെസ്സി ക്ലബിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ നിരാശയിലാണ്. ഇനിയും ക്ലബ് മാറാന്‍ തയ്യാറായില്ല എങ്കില്‍ താന്‍ ക്ലബ് വിടും എന്നാണ് മെസ്സി ബോര്‍ഡിനോട് വ്യക്തമാക്കി. ക്ലബില്‍ എല്ലാ മേഖലയിലും മാറ്റങ്ങളാണ് മെസ്സി ആവശ്യപ്പെടുന്നത്.

ആദ്യ മാറ്റം പരിശീലകനില്‍ ആകും വേണ്ടത്. സെറ്റിയനെ ഉടന്‍ തന്നെ പുറത്താക്കണം എന്നതാണ് മെസ്സിയുടെ ആദ്യ ആവശ്യം. ഒപ്പം മികച്ച പരിശീലകനെ തന്നെക്കൊണ്ടു വരണം ബാഴ്സലോണയുടെ ശൈലിയില്‍ കളിക്കാന്‍ പറ്റുന്ന പരിശീലകനെ തന്നെ എത്തിക്കണം എന്നും മെസ്സിക്ക് നിര്‍ബന്ധമുണ്ട്. ബാഴ്സ ഇപ്പോള്‍ ഡച്ച്‌ ടീമിന്റെ പരിശീലകന്‍ കോമാനുമായും ഒപ്പം പോചടീനോയുമായും ചര്‍ച്ച നടത്തുന്നുണ്ട്. യുവതാരങ്ങളെ സൈന്‍ ചെയ്യാനും മെസ്സി ആവശ്യപ്പെടുന്നുണ്ട്. അവസാന കുറേ കാലമായുള്ള ബാഴ്സലോണയുടെ ട്രാന്‍സ്ഫറുകള്‍ ദയനീയമായിരുന്നു.

ഇതിന്റൊപ്പം ട്രാന്‍സ്ഫറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അബിദാല്‍ അടങ്ങുന്ന സംഘത്തെ പുറത്താക്കാനും മെസ്സി ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങള്‍ ഒക്കെ അംഗീകരിച്ചില്ല എങ്കില്‍ ഇനിയും കാത്തു നില്‍ക്കാതെ മെസ്സി ക്ലബ് വിട്ടേക്കും. ക്ലബിന്റെ ബോര്‍ഡിനെതിരെയും മെസ്സി രംഗത്തുണ്ട്. ഇത്തവണ ഒരു കിരീടം പോലും നേടാതെയാണ് ബാഴ്സലോണ സീസണ്‍ അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here