കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള പാല്‍വണ്ടികള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിവിടേണ്ടെന്ന തീരുമാനത്തില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വാങ്ങിയതോടെ മലബാര്‍ മില്‍മ നേരിടുന്ന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഇന്ന് പാലെടുക്കുന്നത് നിര്‍ത്തിയിരുന്നെങ്കിലും നാളെ മുതല്‍ 70 ശതമാനം പാലും സഭരിക്കുമെന്ന് മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാവിലത്തെ മുഴുവന്‍ പാലും എടുക്കാനാണ് ധാരണ.
കേരളത്തില്‍ മിച്ചം വരുന്ന ആവുന്നത്ര പാല്‍ സ്വീകരിക്കാമെന്നും പാല്‍പൊടിയായി സൂക്ഷിക്കാമെന്നും തമിഴ്‌നാട് സമ്മതിച്ചു. ഇതിന് പുറമെ ആന്ധ്രയിലെ ഗുണ്ടൂരിലേക്കും ഇത്തരത്തില്‍ പാല്‍ അയക്കാന്‍ ധാരണയായിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി എന്നിവരടങ്ങുന്ന സംഘം തമിഴ്‌നാട് സര്‍ക്കാരുമായി നടത്തിയ ഇടപെടലിലാണ് പാലെടുക്കാന്‍ ധാരണയായത്.
നാളെ മുതല്‍ രാവിലത്തെ മുഴുവന്‍ പാലും സംഭരിക്കും. വൈകുന്നേരത്തേത് മാത്രമാവും നിയന്ത്രണം. പാല്‍വില്‍പ്പന സംവിധാനങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയോ, വില്‍പ്പന വര്‍ധിക്കുകയോ, കൂടുതല്‍ പാല്‍ പൊടിയാക്കാനുള്ള സാധ്യത ഉണ്ടാവുകയോ ചെയ്യുന്ന പക്ഷം സംഭരണ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും മുഴുവന്‍ പാലും സംഭരിക്കുമെന്നും മലബാര്‍ മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണിയും അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലായിരുന്നു കേരളത്തിലെ പാല്‍വണ്ടികള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിവിടേണ്ടെന്ന് കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ആറ് ലക്ഷം ലിറ്റര്‍ ദിവസ സംഭരണമുണ്ടായിരുന്ന മലബാര്‍ മില്‍മ മിച്ചമുള്ള പാല്‍ കയറ്റി അയക്കാനാവാതെ പ്രതിസന്ധിയിലായിരുന്നു. ഒന്നര ലക്ഷത്തോളം കര്‍ഷകര്‍ക്കും തീരുമാനം തിരിച്ചടിയായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here