പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് ഇടയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനായി പാത്രങ്ങള്‍ തമ്മിലടിച്ചോ കൈകൊട്ടിയോ ശബ്ദമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുണ്ടാക്കുന്ന ശബ്ദം വലിയൊരു മന്ത്രമാണെന്ന വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരത്തില്‍ ശബ്ദമുണ്ടാക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

‘അഞ്ച് മണിക്ക് ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസാണ്. ആ ശബ്ദമെന്ന് പറയുന്നത് വലിയൊരു മന്ത്രമാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്.

അങ്ങനെ നശിച്ചുപോകട്ടെ. എല്ലാവരും സഹകരിക്കണം.’ മോഹന്‍ലാല്‍ പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാന്‍ കാലാവസ്ഥ സഹായിക്കുമെന്നും താരം പറയുന്നുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ് താരത്തിന്റെ പ്രതികരണം. കൊറോണയെ പ്രതിരോധിക്കാന്‍ ശാസ്ത്രീയതയില്‍ ഊന്നി മുന്നോട്ടു പോകുമ്ബോള്‍ ഇത്തരത്തിലുള്ള അശാസ്ത്രീയത പ്രചരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിങ്ങള്‍ കംപ്ലീറ്റ് ആക്ടര്‍ അല്ലെന്നും കംപ്ലീറ്റ് ദുരന്തമാണെന്നും അവര്‍ പറയുന്നുണ്ട്.

ഇപ്പോള്‍ ചെന്നൈയിലെ വീട്ടിലാണ് താരം. ‘ഒരാഴ്ച മുന്‍പ് ഇവിടെ വന്നിട്ട് തിരിച്ചുപോവാന്‍ പറ്റാതെ വന്നു. എന്റെ അമ്മയൊക്കെ നാട്ടിലാണ്. വളരെ കെയര്‍ എടുത്തിട്ടാണ് മുന്നോട്ടുപോകുന്നത്. അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുന്നതിനാല്‍ എറണാകുളത്തെ വീട്ടിലേക്ക് ആരോടും വരരുതെന്ന് പറഞ്ഞിട്ടുണ്ട്. മദ്രാസിലെ വീട്ടിലായാലും പുറത്തുപോകാതെ ഇരിക്കുകയാണ്. എക്‌സ്ട്രാ കെയര്‍ എടുക്കേണ്ട സമയമാണ്. കാരണം നമുക്ക് ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ശീലമാക്കണം. മഹാരോഗത്തെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്ബോള്‍ സഹകരിക്കുക എന്നത് ഒരു പൗരന്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.’ മോഹന്‍ലാല്‍ പറഞ്ഞു.

വ്യക്തി ശുചിത്വം വളരെ കാര്യമായി പാലിക്കേണ്ടതുണ്ടെന്നും പരസ്പരം സഹായിക്കേണ്ട സമയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

കേരളം ഇതിന് മുന്‍പ് ഇത്തരം അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും ഒന്നിച്ചു നിന്ന് രോഗത്തെ പ്രതിരോധിക്കാമെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

കടപ്പാട് : സമകാലിക മലയാളം, മനോരമ

LEAVE A REPLY

Please enter your comment!
Please enter your name here