യു.എ.ഇയിലെ 30,000 സൈനികർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി പ്രതിരോധമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മിലിട്ടറി കോൺട്രാക്ടേഴ്‌സ്, നാഷണൽ സർവീസസ് റിക്രൂട്ട്‌സ് ഉൾപ്പെടെയുള്ളവർക്കാണ് വാക്‌സിൻ നൽകിയതെന്ന് സായുധസേന മെഡിക്കൽ സർവീസ് കോർപ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ഐഷ അൽ ധഹേരി പറഞ്ഞു. കോവിഡിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ സൈനികർ മുൻനിരയിലുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക, മരുന്നുകൾ എത്തിക്കുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങി മഹാമാരിക്കിടയിൽ സായുധസേനാംഗങ്ങൾ കഠിനമായി പ്രയത്നിച്ചു. കോവിഡ് കേസുകൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച അഞ്ച് സ്‌ക്രീനിങ് സെന്ററുകളിലും സൈനിക ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. യു.എ.ഇക്കുള്ള വാക്‌സിൻ പരീക്ഷണങ്ങളെ പൂർണതോതിൽ പിന്തുണച്ചതായും മന്ത്രാലയം സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിൽ ഡോ. ധഹേരി സൂചിപ്പിച്ചു.

സിവിലിയൻ സ്ഥാപനങ്ങളുമായി ഏകോപനം നടത്തി മഹാമാരിക്കെതിരേ രാജ്യത്തിന്റെ പ്രതിരോധത്തിൽ സൈന്യം നിർണായക പങ്കുവഹിച്ചു. യു.എ.ഇ. സർക്കാരിനൊപ്പം മെഡിക്കൽ, ലോജിസ്റ്റിക്കൽ, സുരക്ഷാ ആവശ്യങ്ങളിലും കൈകോർത്തു. രാജ്യത്ത് ആദ്യ കോവിഡ് കേസ് കണ്ടെത്തുന്നതിന് മുമ്പുതന്നെ മെഡിക്കൽ രംഗം ശക്തിപ്പെടുത്തുന്നതിൽ സൈന്യത്തിന് പങ്കുണ്ട്. സൈന്യത്തിലെ മെഡിക്കൽ ഓഫീസർമാർ സിവിലിയൻ ഡോക്ടർമാർക്കൊപ്പം പ്രവർത്തിക്കുകയും ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സ നൽകുകയും ചെയ്തു. ആശുപത്രികളിലെ കിടക്കകളുടെ ശേഷി 300-ൽ നിന്ന് 525 ആക്കാനും 135 തീവ്രപരിചരണ യൂണിറ്റുകൾ വികസിപ്പിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു. ഗതാഗതശേഷി വർധിപ്പിച്ച് അവശ്യ മെഡിക്കൽ വിതരണ ശൃംഖലകളുടെ പരിപാലനം സൈന്യം ഉറപ്പുവരുത്തി. കോവിഡ് പ്രതിരോധ സഹായവുമായി വ്യോമസേന ദുബായിൽനിന്ന് ടെഹറാനിലേക്കും പറന്നു. സൈനികേതര ഭീഷണികൾ തടയുന്നതിനും ലഘൂകരിക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു. മഹാമാരിയെ പരാജയപ്പെടുത്തുക, ദേശീയ പ്രതിരോധം മെച്ചപ്പെടുത്തുക, സമാധാനം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കാൻ ആഗോളതലത്തിൽ സഹകരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അൽ ധഹേരി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here