യുഎഇ യിലെ ആശുപത്രികളേറെയും കോവിഡ് രോഗമുക്തമായതായി ആരോഗ്യവകുപ്പ്. കുറഞ്ഞത് ഒരു ഡസൻ ആശുപത്രികളെങ്കിലും കോവിഡ് മുക്തമായെന്നാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങളുള്ളവരെ താമസിപ്പിച്ചിരുന്ന മിക്ക ഹോട്ടലുകളും ഒഴിവായി. ഹോട്ടലുകൾ അണുവിമുക്തമാക്കുകയും ചെയ്തു. ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് യു.എ.ഇ ഹോസ്പിറ്റാലിറ്റി വൃത്തങ്ങൾ അറിയിച്ചു.

ഓരോ ദിവസം സുഖംപ്രാപിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. രോഗബാധിതരുടെ എണ്ണവും കുറഞ്ഞു. അതുകൊണ്ടുതന്നെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം സാധാരണനിലയിലായി. തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളേറെയും സുഖപ്പെട്ടു. ദുബായ് ഹെൽത്ത് അതോറിറ്റി സമഗ്രമായ പരിശോധനകളാണ് ദിവസവും നടത്തിവരുന്നത്. രോഗമുക്തരായവർക്ക് ഡി.എച്ച്.എ കോവിഡ് രഹിത സർട്ടിഫിക്കേഷൻ നൽകുന്നു.

ജൂൺ 27-ന് കോവിഡ് വാർഡിലെ അവസാന രോഗിയും സുഖംപ്രാപിച്ച് പോയതായും ജൂലായ് ഒന്നിന് കോവിഡ് മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തതായി പ്രൈം ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ആദിൽ മുഹമ്മദ് യാസിൻ അൽ സിസി പറഞ്ഞു.

ഏഴ് മെഡിക്ലിനിക് ആശുപത്രികളിൽ ആറെണ്ണം കോവിഡ് മുക്തമായി. ദുബായ്, അബുദാബി, അൽഐൻ എന്നിവിടങ്ങളിലുള്ള ആറ്്‌ ആശുപത്രികൾക്ക് കോവിഡ് രഹിത സർട്ടിഫിക്കറ്റ് ലഭിച്ചതായി മെഡിക്ലിനിക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ.തരേക് ഫത്തേ വ്യക്തമാക്കി.

രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുള്ളതായും വിവിധ ആശുപത്രികളിലായി 50 രോഗികൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും ആസ്റ്റർ ഹോസ്പിറ്റൽ സി.ഇ.ഒ.യും സ്‌പെഷ്യലിസ്റ്റ് അനസ്തെറ്റിസ്റ്റുമായ ഡോ.ഷെർബാസ് ബിച്ചു സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here