ഐ.പി.എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 16.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. ജയത്തോടെ മുംബൈ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി.

വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഓപ്പണർ ക്വിന്റൺ ഡിക്കോക്കാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. 44 പന്തുകൾ നേരിട്ട ഡിക്കോക്ക് മൂന്നു സിക്സും ഒമ്പത് ഫോറുമടക്കം 78 റൺസോടെ പുറത്താകാതെ നിന്നു. 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണർമാരായ രോഹിത് ശർമയും ക്വിന്റൺ ഡിക്കോക്കും തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ പവർപ്ലേ ഓവറിൽ 51 റൺസാണ് മുംബൈ സ്കോർ ബോർഡിലെത്തിയത്.

63 പന്തിൽ 94 റൺസ് ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 36 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 35 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ശിവം മാവിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സൂര്യകുമാർ യാദവ് 10 റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ 11 പന്തിൽ നിന്ന് 21 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ പുതിയ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ നേതൃത്വത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തിരുന്നു. 10.4 ഓവറിൽ അഞ്ചു വിക്കറ്റിന് 61 റൺസെന്ന നിലയിലായിരുന്ന കൊൽക്കത്തയെ ആറാം വിക്കറ്റിൽ ഒന്നിച്ച ഓയിൻ മോർഗൻ – പാറ്റ് കമ്മിൻസ് കൂട്ടുകെട്ടാണ് 148-ൽ എത്തിച്ചത്.

ആറാം വിക്കറ്റിൽ ഇരുവരും 57 പന്തുകളിൽ നിന്ന് 87 റൺസാണ് കൂട്ടിച്ചേർത്തത്. 36 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 53 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്ത നിരയിലെ ടോപ് സ്കോറർ. 29 പന്തുകൾ നേരിട്ട മോർഗൻ 39 റൺസോടെ പുറത്താകാതെ നിന്നു.

ആരാധകരെ തീർത്തും നിരാശപ്പെടുത്തിയ ബാറ്റിങ് പ്രകടനമായിരുന്നു കൊൽക്കത്തയുടേത്. മൂന്നാം ഓവറിൽ തന്നെ കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റൺസെടുത്ത ഓപ്പണർ രാഹുൽ ത്രിപാഠിയെ സൂര്യകുമാർ യാദവ് പറന്നുപിടിക്കുകയായിരുന്നു. പിന്നാലെ നിതീഷ് റാണയും (5) മടങ്ങി.

രാഹുൽ ചാഹർ എറിഞ്ഞ എട്ടാം ഓവറിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച ശുഭ്മാൻ ഗില്ലിനെ പൊള്ളാർഡ് ക്യാച്ചെടുത്ത് പുറത്താക്കി. 23 പന്തിൽ നിന്ന് 21 റൺസ് മാത്രമായിരുന്നു ഗില്ലിന് നേടാനായത്. തൊട്ടടുത്ത പന്തിൽ മോശം ഷോട്ടിന് ശ്രമിച്ച ദിനേഷ് കാർത്തിക്കിന്റെ (4) വിക്കറ്റുമായി ചാഹറിന്റെ പന്ത് പറന്നു.

അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രേ റസ്സൽ ഒമ്പത് പന്തിൽ 12 റൺസുമായി മടങ്ങിയതോടെ കൊൽക്കത്ത ഒരു ഘട്ടത്തിൽ 100 കടക്കില്ലെന്ന് തോന്നിച്ചതാണ്. തുടർന്നായിരുന്നു മോർഗൻ – കമ്മിൻസ് കൂട്ടുകെട്ട്. മുംബൈക്കായി രാഹുൽ ചാഹർ നാല് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here