ചാർട്ടേഡ് വിമാനങ്ങൾക്ക് ഇനിമുതൽ സംസ്ഥാന സർക്കാരുകളുടെ മുൻ‌കൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്.

ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. എന്നിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെയാണ് ചാര്‍ട്ടേഡ് വിമാന അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവ്.

സംസ്ഥാന സർക്കാറിന്‍റെ മുൻകൂർ അനുമതി ലഭിച്ചു വേണം ഇനി അപേക്ഷകൾ തുടർ നടപടിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാൻ. സംസ്ഥാനത്തിന്‍റെ അനുമതി ലഭിച്ച ചാർട്ടേഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറൻസ് കിട്ടാൻ എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കാം.

ഇതോടെ ചാർട്ടേഡ് വിമാനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നത് രണ്ട് ദിവസത്തിനുള്ളിൽ ഗൾഫിലെ നയതന്ത്ര കേന്ദ്രങ്ങൾ നിർത്തി വെക്കും എന്നാണ് വിവരം. സമയനഷ്ടവും അനിശ്ചിതത്വവും നിലനിൽക്കുന്നതിനാൽ ഇപ്പോൾ പ്രഖ്യാപിച്ച ചാർട്ടേഡ് വിമാന പദ്ധതികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here