പുതുവർഷരാവ് വർണശബളമാക്കാൻ ഗംഭീര ആഘോഷപരിപാടികളൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടികളാണു ഷാർജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) കീഴിലുള്ള കേന്ദ്രങ്ങളിൽ ഒരുങ്ങുന്നത്.

മുൻവർഷങ്ങളിലെന്ന പോലെ, ഇത്തവണയും അൽ മജാസ് വാട്ടർഫ്രണ്ടിൽ 10 മിനിറ്റ് നീണ്ടു നിൽക്കുന്ന വർണ്ണാഭമായ വെടിക്കെട്ടുണ്ടാവും. ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജനഗരമധ്യത്തിലുള്ള കോർണിഷിലെ പുതുവത്സര ആഘോഷം മലയാളികളടക്കമുള്ള സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. ഷാർജ നഗരത്തിലെന്ന പോലെ, ഇത്തവണ കിഴക്കൻ തീരത്തും വെടിക്കെട്ട് ഒരുക്കുന്നുണ്ട്. സമീപകാല വികസനപ്രവർത്തനങ്ങളിലൂടെ സഞ്ചാരികൾക്കു പ്രിയപ്പെട്ടതായി മാറിയ ഖോർഫക്കാൻ ബീച്ചിലും 10 മിനിറ്റ് നീണ്ടുനിൽക്കുന്ന വെട്ടിക്കെട്ട് ഉണ്ടാകും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനും, കാണാൻ സൗകര്യമുള്ള ഇടംപിടിക്കാനും നേരത്തെ തന്നെ എത്തണമെന്ന് സംഘാടകർ അറിയിച്ചു.

നിരവധി റസ്റ്ററന്റുകളും കഫേകളുമുള്ള അൽ മജാസിലും, ഖോർഫക്കാൻ ബീച്ചിലും കാഴ്ചകളാസ്വദിച്ച് അത്താഴം കഴിക്കാനുള്ള സൗകര്യവുമുണ്ട്. നേരത്തേ തന്നെ ബുക്ക് ചെയ്യാനും അന്വേഷണങ്ങൾക്കുമായി 065 11 7000 (അൽമജാസ് വാട്ടർഫ്രണ്ട്) 096 060161 (ഖോർഫക്കാൻ ബീച്ച്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അൽ മജാസിലെ നിറപ്പകിട്ടാർന്ന ആഘോഷവും, ഷാർജ നഗരത്തിന്റെ നിറങ്ങളുമാസ്വദിച്ച് അത്താഴം കഴിക്കാൻ താത്പര്യമുള്ളവർക്ക് ഷാർജ അൽ നൂർ ദ്വീപിന്റെ തീരത്ത് ഡിന്നർ പാക്കേജുകളൊരുക്കിയിട്ടുണ്ട്. വൈകിട്ട് 7 മുതൽ പുലർച്ചെ ഒന്നു വരെ നീളുന്ന രീതിയിലാണ് ക്രമീകരണം. വിവരങ്ങൾക്ക്: 065 067000.

ആഘോഷങ്ങളോടൊപ്പം കുറച്ച് സാഹസികത കൂടി ആഗ്രഹിക്കുന്നവർക്കും, നഗരത്തിന്റെ ട്രാഫിക് തിരക്കുകളിൽ നിന്ന് മാറി മരുഭൂമിയുടെ ശാന്തതയിൽ പുതുവർഷരാവ് ചെലവഴിക്കണമെന്ന് ആഗ്രഹമുള്ളവർക്കുമായി മെലീഹ ആർക്കിയോളജി സെന്ററിന്റെ പുതുവത്സരാഘോഷത്തിന്റെ ഭാഗമാവാം. സൂഫീ നൃത്തവും ഫയർ ഡാൻസും ഗിറ്റാർ സംഗീതവുമെല്ലാം ചേർന്ന ക്യാംപിങ് അനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. രാത്രി പ്രത്യേകം തയാറാക്കിയ ടെന്റുകളിൽ മരുഭൂമിയിൽ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം. ഇൗ മാസം 31ന് വൈകിട്ട് 6 ന് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 8 ന് അവസാനിക്കുന്ന പാക്കേജിൽ ഡിന്നറും ബ്രേക്ക്ഫാസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 068 021111 എന്ന നമ്പറിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here