തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ആർക്കും തന്നെ കോവിഡ് രോഗം സ്ഥിരീകരിച്ചില്ല, ഇന്ന് ഏഴു പേർ രോഗമുക്തരാവുകയും ചെയ്തു. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 14670 പേർ നിരീക്ഷണത്തിലുണ്ട്. 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34599 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രവാസികളുടെ മടക്കം

ലോക്ക് ഡൗണ്‍ കാരണം കുടുങ്ങി കിടക്കുന്ന കേരളീയര്‍ നാളെ മുതല്‍ കേരളത്തിലെത്തും. സിവില്‍ ഏവിയേഷന്‍ വകുപ്പ് ഒരുക്കുന്ന കപ്പലുകളിലും വിമാനങ്ങളിലുമായി എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചയായി മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങിയെത്തുന്ന മലയാളികളുടെ കാര്യത്തിൽ കരുതലോടെയാണ് നാം ഇടപെടുന്നത്. വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം ജാഗ്രത പുലർ‌ത്തണം. വിമാനത്താവളം മുതൽ ജാഗ്രത വേണം. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍

രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ‌ കുടുങ്ങികിടക്കുന്നു. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്ക് ലഭിച്ച നിർ‌ദേശം ഈ മാസം 15 മുൻപ് ഹോസ്റ്റലുകൾ ഒഴിയണം എന്നാണ്. നിരീക്ഷണ കേന്ദ്രങ്ങൾ ആക്കാൻ വേണ്ടിയാണിത്. അവിടെ പെൺ‌കുട്ടികൾ അടക്കം 40 വിദ്യാർഥികളുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ഡൽഹി, പഞ്ചാബ്, ഹിമാചല്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർഥികളെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

പ്രത്യേക നോൺസ്റ്റോപ് ട്രെയിനിൽ ഇവരെ കേരളത്തിൽ എത്തിക്കണമെന്നാണ് ആവശ്യം. അതുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ലഭിച്ച കണക്ക് അനുസരിച്ച് 1200 ഓളം മലയാളി വിദ്യാർഥികൾ ഈ സംസ്ഥാനങ്ങളിലുണ്ട്. 723 പേർ ഡൽഹിയിലുണ്ട്. 348 പേർ പഞ്ചാബിൽ, 89 പേർ ഹരിയാന, 17 ഹിമാചൽ എന്നിങ്ങനെയാണ് കണക്ക്. ഡൽഹിയിൽനിന്ന് സ്പെഷൽ ട്രെയിൻ ഏർപെടുത്തിയാൽ വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാം. റെയിൽവേയുമായി ഔപചാരികമായി ബന്ധപ്പെടാൻ ഡൽഹി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ട്രെയിനിന്റെ തീയതി ലഭിക്കുമ്പോൾ വിദ്യാർഥികളെ മുഴുവൻ ഡൽഹിക്ക് എത്തിക്കാൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെടും. കേന്ദ്രസർക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here