ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ബിസിസിഐ റദ്ദാക്കി. ഈ വര്‍ഷം നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ നടക്കാനുള്ളതും കോവിഡ് സാഹചര്യവും വിലയിരുത്തിയാണ് ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫി ഒഴിവാക്കാന്‍ ബിസിസി ഐ തീരുമാനിച്ചത്.

എങ്കിലും 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി നടത്തും. കൂടാതെ വനിതകളുടെ ഏകദിന പരമ്ബരയും നടത്തും. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ജനുവരിയിലാണ് ഇന്ത്യയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് പുനരാരംഭിച്ചത്. ആദ്യം സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റാണ് സംഘടിപ്പിച്ചത്. അടുത്തതായി രഞ്ജി ട്രോഫി നടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ബിസിസി ഐ തീരുമാനിച്ചത്. പല ടീമുകളും രഞ്ജി ട്രോഫിക്കുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ രഞ്ജി ട്രോഫിക്കുള്ള 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിക്കുകയും വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ക്യാംപ് ആരംഭിക്കുകയും ചെയ്തിരുന്നു.

2021 ഇന്ത്യയില്‍ നിരവധി ടൂര്‍ണമെന്റുകളാണ് നടക്കുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര മത്സരം ഫെബ്രുവരി അഞ്ചിന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരമായിരിക്കും. ഐ പി എല്‍ ഏപ്രിലിലാവും നടക്കുക. അതിനു ശേഷം ഒക്ടോബറില്‍ ടി20 ലോകകപ്പും ഇന്ത്യയില്‍ നടക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം മുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here