യുഎഇയില്‍ നോല്‍ കാര്‍ഡ് സൈ്വപ് ചെയ്യാതെ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കി അധികൃതര്‍. ബസില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെങ്കിലും അശ്രദ്ധയും നിയമലംഘനങ്ങളും കൈയിലെ പണം തീര്‍ക്കും.

ബസിലെ മെഷീനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാന്‍ മറന്നുപോകുക, സൈ്വപ് ചെയ്യുമ്പോള്‍ കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കിയെന്ന് ഉറപ്പാക്കുക, യാത്ര ചെയ്യും മുമ്പ് കാര്‍ഡില്‍ ആവശ്യത്തിന് പണമുണ്ടെന്ന് പരിശോധിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ദുബായില്‍ എല്ലായിടത്തും ബസില്‍ തിരക്കോട് തിരക്കാണ്. വിവിധ എമിറേറ്റുകളിലേക്കും കൂടുതല്‍ സര്‍വീസ് തുടങ്ങി. ശീതീകരിച്ച ബസ് സ്‌റ്റോപ്പുകളാണുള്ളത്. ഓരോ റൂട്ടിലേക്കുമുള്ള ബസുകളുടെ നമ്പറുകള്‍ എല്ലാ സ്റ്റോപ്പുകളിലും രേഖപ്പെടുത്തിയിരിക്കും. ഏതൊക്കെ സ്ഥലങ്ങളിലൂടെയാണ് ബസ് പോകുന്നതെന്ന് അറിയാനായി വിശദമായ മാപ്പും സ്ഥാപിച്ചിട്ടുണ്ട്.

3,303 നിയമലംഘനങ്ങളാണ് യുഎഇയില്‍ പൊതുവാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ബസിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ (1,459) റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കൂടുതലും പണം നല്‍കാതെ യാത്ര ചെയ്തവരാണ്. 100 മേഖലകളില്‍ ആയിരുന്നു പരിശോധന നടത്തിയത്. ടാക്‌സി ഡ്രൈവര്‍മാരുടെ 1,412 നിയമലംഘനങ്ങള്‍ കണ്ടെത്തി. കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് പ്രധാന നിയമലംഘനം.

​ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരിശോധിക്കുന്നയാള്‍ ആവശ്യപ്പെട്ടാല്‍ നോല്‍ കാര്‍ഡ് കാണിക്കണം
ച്യൂയിങ് ഗം, ഭക്ഷണ പാനീയങ്ങള്‍ എന്നിവ ബസിനുള്ളില്‍ അനുവദിക്കില്ല.
ബസില്‍ ഉറങ്ങാന്‍ പാടില്ല.
മെഷീനില്‍ കാര്‍ഡ് അധിക നേരം വയ്ക്കാന്‍ പാടില്ല. ചെക്ക് ഇന്‍, ചെക്ക് ഔട്ട് എന്നിവ ഒരേ സമയം രേഖപ്പെടുത്തും.
ബസ് വാതിലുകള്‍ക്ക് സമീപവും ചുവന്ന വരകള്‍ രേഖപ്പെടുത്തിയ ഇടങ്ങളിലും നില്‍ക്കരുത്.
സഹയാത്രികരോട് മാന്യമല്ലാതെ ഇടപെടരുത്.
യാത്രയ്ക്കിടെ ഫോണിലും മറ്റും ഉച്ചത്തില്‍ പാട്ട് കേള്‍ക്കരുത്. ഹെഡ് ഫോണ്‍ ഉപയോഗിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here