താമസ വീസയുടെ കാലാവധി തീർന്നാലും യുഎഇയിലെ പ്രവാസികൾക്ക് മടങ്ങിയെത്താമെന്ന് അധികൃതർ. രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ വീസാ കാലാവധി ഈ വർഷാവസാനം വരെ നീട്ടിയതയാണ് പുതിയ അറിയിപ്പ്.

രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശികൾക്ക് ആശ്വാസകരമായ പ്രഖ്യാപനമാണിത്. 2020 മാർച്ച് ഒന്നിനു ശേഷം കാലാവധി തീർന്ന വീസയുളളവർക്ക് ഡിസംബർ വരെ കാലാവധി ദീർഘിപ്പിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അധികൃതരാണ് അറിയിച്ചത്.

കോവിഡ് മൂലം വിമാന സർവീസ് റദ്ദാക്കിയതിനാൽ യുഎഇലേക്ക് തിരിച്ചുവരാനാകാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുണ്ട്. തിരിച്ചെത്തിയ ശേഷം വീസ പുതുക്കാമെന്നു കരുതി പുറപ്പെട്ടവും ഇവരിലുണ്ട്. വീസ കാലാവധി തീർന്നപ്പോൾ ഇവരുടെ മടക്കയാത്രാ മോഹത്തിനു മങ്ങലേറ്റിരുന്നു. വീസയ്ക്ക് വേണ്ടത്ര കാലാവധി ലഭിച്ചതു ഇവരുടെ മടക്ക യാത്ര എളുപ്പമാക്കും. തിങ്കളാഴ്ച മുതൽ വിദേശത്തുളളവരുടെ മടക്ക യാത്ര ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാർ പുറപ്പെടും മുമ്പ് നിശ്ചിത വെബ്സൈറ്റിൽ യാത്രാ പെർമിറ്റിനായി അപേക്ഷിക്കണം. ജൂൺ ഒന്നു മുതൽ കാലാവധിയുള്ള വീസക്കാർക്ക് തിരിച്ചെത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. മടക്കയാത്രയ്ക്കുള്ള പെർമിറ്റ് ലഭിക്കാൻ അതോറിറ്റിയുടെ smartservices.ica.gov.ae വെബ്സൈറ്റിൽ അപേക്ഷിക്കണം. കളർ ഫോട്ടോ, വീസ, പാസ്പോർട്ട് പകർപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

വിദേശത്ത് കഴിയാനുണ്ടായ കാരണങ്ങൾ അപേക്ഷയിൽ വ്യക്തമാക്കേണ്ടി വരും. വിനോദയാത്രയിലായിരുന്നെങ്കിൽ അതു തെളിയിക്കുന്ന രേഖകൾ തൊഴിൽ, വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ളത് സമർപ്പിക്കണം. അതില്ലാത്തവർ മടക്കയാത്ര വിമാന ടിക്കറ്റ് പകർപ്പ് നൽകിയാലും മതിയാകും. കോവിഡ് മൂലം കുടുംബങ്ങളുമായി ഒറ്റപ്പെട്ട് കഴിയുന്നവരെ അവരുടെ കുടുബങ്ങളിൽ എത്തിക്കുന്നതിനാണ് ഈ സേവനമെന്ന് അധികൃതർ സൂചിപ്പിച്ചു. തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here