കേരളത്തിൽ ഓണ്‍ലൈന്‍ പഠന സംവിധാനം തുടങ്ങിയ പശ്ചാത്തലത്തില്‍ ഇതിനുള്ള സൗകര്യമില്ലാത്തവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി. ഇതിനായി അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ തുറങ്ങുമെന്നും ചെലവ് കെഎസ്എഫ്ഇ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ജൂലൈ മാസത്തിന് ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്തസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത നാളുകളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ അവസരമാക്കുക, അത് ഫലപ്രദമായി നടപ്പിലാക്കുക എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാട് വിദ്യാഭ്യാസ മേഖലയിലും പ്രാവര്‍ത്തികമാക്കുകയാണ്. എല്ലാവര്‍ഷത്തേയും പോലെ ജൂണ്‍ ഒന്നിന് നമ്മുടെ അധ്യയനവര്‍ഷം ആരംഭിക്കാന്‍ കഴിഞ്ഞു. കുട്ടികളുടെ കൈയ്യും പിടിച്ച് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുന്ന പതിവ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഉണ്ടായില്ല. പകരം ഓണ്‍ലൈനായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയിലാണ് ആരംഭം. വീട്ടില്‍ ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് അതിനുള്ള അവസരം ഒരുക്കും. ഇതിനായി ഒരു പദ്ധതി സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . ടിവി ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് അയല്‍പക്ക പഠന കേന്ദ്രങ്ങൾ ഒരുക്കും. ഇതിനുള്ള ചെവല് കെ.എസ്.എഫ്ഇ സ്‌പോണ്‍സര്‍ ചെയ്യും. ഇവിടങ്ങളിലേക്ക് ടെലിവിഷന്‍ വാങ്ങുന്നതിനുള്ള ചിലവ് കെ.എസ്.എഫ്ഇ സബ്‌സിഡിയായി നല്‍കും.

ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 12,000 ലാപ്പ് ടോപ്പുകള്‍ 7000 പ്രൊജക്ടറുകള്‍ 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലൊ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ടതില്ല. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേക്ഷണമാണ് നടക്കുന്നത്. ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ ജൂണ്‍ 8ന് പുനസംപ്രേക്ഷണം ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here