ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് കോവിഡ്. സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെന്നിസ് ടൂർണമെന്റിൽ കളിച്ച മൂന്നാമത്തെ താരത്തിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ടെന്നിസ് ലോകത്ത് പരിഭ്രാന്തി പരന്നിരുന്നു. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, അദ്ദേഹത്തിനെതിരെ കളിച്ച ക്രൊയേഷ്യയുടെ ബോർന കൊറിച്ച് എന്നിവർക്കു പിന്നാലെ ടൂർണമെന്റിൽ പങ്കെടുത്ത ജോക്കോവിച്ചിന്റെ നാട്ടുകാരൻ കൂടിയായ വിക്ടർ ട്രോയിസ്കിക്കും ഇപ്പോൾ ജോക്കോവിച്ചിനുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

ടൂർണമെന്റ് നടത്താൻ നേതൃത്വം നൽകിയ ജോക്കോവിച്ചിനെതിരെ വിമർശനം രൂക്ഷമായി. മികച്ച രണ്ട് താരങ്ങൾക്കാണ് കോവിഡ് ബാധിച്ചതെന്നും ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ച ജോക്കോവിച്ച് ഉത്തരവാദിത്തം ഏൽക്കണമെന്നും ബ്രിട്ടീഷ് താരം ബ്രിട്ടൻ ‍ഡാൻ ഇവാൻസ് ആവശ്യപ്പെട്ടു. വിമർശനവുമായി ഓസീസ് താരം നിക് കിർഗിയോസും രംഗത്തുണ്ട്. രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തന്നെ ടൂർണമെന്റ് ഉപേക്ഷിച്ചിരുന്നു. ബെൽഗ്രേഡിലും സദറിലുമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താനാണു ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ നാലു പാദങ്ങളിലായി ടൂർണമെന്റ് സംഘടിപ്പിച്ചത്. ആദ്യ പാദത്തിൽ ഡൊമിനിക് തീയെം ജേതാവായി. ക്രൊയേഷ്യ വേദിയായ 2–ാം പാദത്തിനിടെ കഴിഞ്ഞ ദിവസമാണു ദിമിത്രോവിനു രോഗം പിടിപെട്ടത്. ടൂർണമെന്റിൽ പങ്കെടുത്ത മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ശാരീരിക അകലം പാലിക്കാതെ മത്സരങ്ങൾ നടത്തിയതും കാണികളെ പ്രവേശിപ്പിച്ചതും വിവാദമായി. ടൂർണമെന്റിൽ കളിച്ച മൂന്നാമനും കോവിഡ് സ്ഥിരീകരിച്ചതോടെ ജോക്കോവിച്ചും പരിശോധനയ്ക്ക് വിധേയനായതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ച നൊവാക് ജോക്കോവിച്ചിനെതിരെ മുൻ താരങ്ങളും ആരാധകരും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ചട്ടങ്ങൾ പാലിച്ചാണ് ടൂർണമെന്റ് നടത്തിയതെന്ന് ജോക്കോവിച്ചും സംഘവും വാദിക്കുമ്പോഴും, ടൂർണമെന്റിനിടെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി താരങ്ങൾ ബാസ്കറ്റ്ബോൾ കളിക്കുന്നതിന്റെയും ഒത്തൊരുമിച്ചു നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ പുറത്തായി. ഇതിനകം കോവിഡ് സ്ഥിരീകരിച്ച താരങ്ങൾക്കൊപ്പം ജോക്കോവിച്ച് ഉൾപ്പെടെയുള്ളവർ അടുത്ത് ഇടപഴകുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

നേരത്തെ, ടൂർണമെന്റ് സംഘടിപ്പിച്ചതിന് വിമർശനം കടുത്തതോടെ വിശദീകരണവുമായി ജോക്കോവിച്ച് രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സെർബിയയിൽ കോവിഡ് വ്യാപനം അത്ര ഗുരുതരമല്ല എന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. സർക്കാരിന്റെ നിർദ്ദേശം കൃത്യമായി പാലിച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here