കോവിഡ് വ്യാപനം വര്‍ധിച്ച രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് ഒമാന്‍ പരിഗണിക്കുന്നു. സുപ്രീം കമ്മിറ്റി വിഷയം പഠിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു.

താന്‍സാനിയയില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരില്‍ 18 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇത്തരത്തില്‍ ഉയര്‍ന്ന രോഗപകര്‍ച്ചയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത് സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലുണ്ടെന്നും ഒമാന്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

തീവ്ര പരിചരണ വിഭാഗത്തില്‍ രോഗികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണു രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്ര ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ രോഗികള്‍ 100 ശതമാനത്തിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രി വ്യാപാര വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് മുക്തി നേടിയവര്‍ 94 ശതമാനം കടന്നുവെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ രണ്ടാഴ്ചക്കിടെ രോഗികള്‍ കുത്തനെ ഉയര്‍ന്നതായും ഡോ. അഹമദ് അല്‍ സഈദി വ്യക്തമാക്കി. ചില ഗവര്‍ണറേറ്റുകളില്‍ വാക്സീന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണെന്ന് മന്ത്രി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളവര്‍ ചിലര്‍ വാക്സീനോട് വിമുഖത പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here