ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്കും ഒമാനില്‍ തിരികെ എത്താമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇതു പ്രകാരം കൊവിഡ് കാരണം ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്താനാകും.

നേരത്തെ ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങാന്‍ പാടില്ലെന്നായിരുന്നു നിയമം. ഇങ്ങനെ തങ്ങുന്നവരുടെ വീസക്ക് സാധുത നഷ്ടപ്പെടുമായിരുന്നു. എന്നാല്‍ ഈ നിയമം എടുത്തുകളഞ്ഞതായി പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഉപ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ ഹസ്ബി പറഞ്ഞു.

നിലവില്‍ നാട്ടില്‍ കുടങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. നിലവിലെ സാഹചര്യങ്ങള്‍ മാറുകയും വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആവുകയും ചെയ്യുന്നതുവരെ പ്രവാസികള്‍ക്ക് നാട്ടില്‍ തന്നെ തുടരാനാകും. അതേസമയം, വീസാ കാലാവധി കഴിഞ്ഞവര്‍ നിര്‍ബന്ധമായും പുതുക്കണം. 

സ്‌പോണ്‍സര്‍ മുഖേന ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കണം. നിലവില്‍ വിദേശത്തുള്ള വീസാ കാലാവധി കഴിഞ്ഞവര്‍ക്കും സ്‌പോണ്‍സര്‍ വഴി വീസ പുതുക്കാം. വീസ പുതുക്കിയ റസീപ്റ്റ് സ്‌പോണ്‍സര്‍ ജീവനക്കാരന് അയച്ചുകൊടുക്കണം. തിരിച്ച് വരുമ്പോള്‍ വീസ പുതുക്കിയതിന്റെ രേഖയായി ജീവനക്കാരന് വിമാനത്താവളത്തില്‍ ഇതു കാണിക്കാം. നിലവിലെ സാഹചര്യത്തില്‍ മാത്രമായിരിക്കും ഈ സൗകര്യം.

LEAVE A REPLY

Please enter your comment!
Please enter your name here