എട്ട് മാസത്തെ ഇടവേളക്കു ശേഷം കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന യുഎഇ – ഒമാന്‍ അതിര്‍ത്തി തുറന്നു. ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം അറിയിച്ചത്. ഹത്ത അതിര്‍ത്തിയിലെ സ്മാര്‍ട്ട് സംവിധാനം അന്തിമഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം ദുബൈ ജി.ഡി.ആര്‍.എഫ്.എ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി തുറന്ന വിവരം ഒമാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്വദേശികള്‍ക്ക് പുറമെ ഒമാനില്‍ താമസ വിസയുള്ള വിദേശികള്‍ക്ക് മാത്രമാണ് അയല്‍രാജ്യങ്ങളില്‍ പോയ ശേഷം തിരികെയെത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഒമാന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇതോടെ ഒമാനിലുള്ളവര്‍ക്ക് യു.എ.ഇയിലേക്കും തിരിച്ചും ഇനി മുതല്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാം. പ്രവാസികള്‍ അടക്കമുള്ള വ്യാപാരികള്‍ക്ക് ഏറെ ഉപകാരപ്രദമായ നടപടിയാണിത്. അതിര്‍ത്തി അടച്ചിരുന്നത് ഇരു രാജ്യങ്ങളിലെയും ചരക്ക് നീക്കത്തെ കാര്യമായി ബാധിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് ഒമാനിലേക്ക് ചരക്കുകള്‍ എത്തിച്ചിരുന്നത് ഹത്ത അതിര്‍ത്തി വഴിയായിരുന്നു. പ്രവാസികളും ഇമറാത്തികളും ധാരാളമായി ഇതുവഴി ഇരുരാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. അതിര്‍ത്തി തുറന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം യാത്ര ചെയ്യാന്‍ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടക്കുന്നതിന് കൂടുതല്‍ നിബന്ധനകള്‍ ഏര്‍പെടുത്തിയിട്ടുണ്ടോ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച കൂടുതല്‍ അറിയിപ്പുകള്‍ അടുത്ത ദിവസം വരുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here