തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കുന്നത് സംബന്ധിച്ച തൊഴില്‍ നിയമം പാലിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും 10,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. നേരത്തേ വേതനം സംബന്ധിച്ച വീഴ്ച്ചകള്‍ക്ക് ഒരു മാസം തടവും 6,000 റിയാല്‍ വരെ പിഴയുമായിരുന്നു ശിക്ഷ. തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര്‍ ഫഹദ് അല്‍ ദോസരിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രത്യേകമായി നിയോഗിക്കപ്പെട്ട കമ്മിറ്റിയും ഗവേഷണ കേന്ദ്രവും നടത്തിയ വിദഗ്ധ പഠനത്തിന് ശേഷമാണ് മിനിമം വേതനം നിശ്ചയിച്ചതെന്ന് അദ്ദേഹം ഖത്തര്‍ ടിവിയോട് വിശദീകരിച്ചു. 1000 റിയാലാണ് ഖത്തറിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കുമുള്ള മിനിമം വേതനം. തൊഴിലുടമ താമസ സൗകര്യവും ഭക്ഷണവും നല്‍കുന്നില്ലെങ്കില്‍ ഇതിന് യഥാക്രമം 500, 300 റിയാല്‍ വീതം വേറെ നല്‍കണം.

നിലവില്‍ മിനിമം വേതനത്തില്‍ കൂടുതല്‍ ലഭിക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്നും ദോസരി പറഞ്ഞു. തൊഴിലാളികളുടെ താമസം സംബന്ധിച്ച നിയമം ലംഘിച്ചാല്‍ ആറ് മാസം തടവും 2000 റിയാല്‍ മുതല്‍ ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here