കോവിഡ് രോഗവ്യാപനം കാരണം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യയിലേ‌ക്കെത്തിക്കുന്ന പദ്ധതിയിൽ ഇതുവരെ കൊച്ചി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികൾ. മെയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയിൽ ഉൾപ്പെട്ട രാജ്യത്തെ ആദ്യവിമാനം കൊച്ചി വിമാനത്താവളത്തിലായിരുന്നു പറന്നിറങ്ങിയത്.

ഗൾഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത്. അമേരിക്കന്‍, ബ്രിട്ടന്‍ എന്നിവക്ക് പുറമേ യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് പ്രവാസികളെത്തി. നൈജീരിയിൽ നിന്ന് 312 പേരുമായുള്ള എയർപീസ് വിമാനവും കൊച്ചിയിലാണെത്തിയത്.

ജൂൺ അഞ്ചുമുതൽ ഈജിപ്തിലെ കെയ്‌റൊ മുതൽ ഫിലിപ്പൈൻസിലെ സെബു വരെയുള്ള രാജ്യങ്ങളിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങളെത്തും. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജൂൺ 5 ന് രാത്രി 7.45 ന് കൊച്ചിയിലെത്തും.

വിയറ്റ്‌നാമിൽ നിന്ന് ജൂൺ ഏഴിനും കെയ്‌റോയിൽ നിന്ന് 16 നും യുക്രൈനിലെ കീവിൽ നിന്ന് 19 നും ലണ്ടനിൽ നിന്ന് 22 നും ഫിലിപ്പീൻസിലെ സെബുവിൽ നിന്ന് 23 നും എയർ ഇന്ത്യ വിമാനങ്ങൾ കൊച്ചിയിലെത്തും. മാൾട്ട നിന്ന് എയർ മാൾട്ട ജൂൺ ഒമ്പതിനും ലണ്ടനിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്‌സ് 10 നും കൊച്ചിയിലേക്ക് സർവീസ് നടത്തും.

മാർച്ച് മുതൽ സിയാൽ കാർഗോ വിഭാഗവും പ്രവർത്തന നിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാർഗോ വിമാനങ്ങൾ കൊച്ചിയിലെത്തി. 4644 മെട്രിക് ടൺ കാർഗോ കയറ്റുമതിയും 223.4 മെട്രിക് ടൺ കാർഗോ ഇറക്കുമതിയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here