കോവിഡ് ആശങ്കയ്ക്കിടയില്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയുമായി അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ഫൈസര്‍. ബയോണ്‍ടെക്കുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊറോണ വാക്‌സിന്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്ന് ഫൈസര്‍ അറിയിച്ചു. മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് വാക്‌സിന്‍ മികച്ച ഫലം നല്‍കുന്നുവെന്ന് കമ്ബനി വ്യക്തമാക്കുന്നത്.

രണ്ടാം ഘട്ട പരീക്ഷണത്തില്‍ തന്നെ വാക്‌സിന്‍ കൊറോണയെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്നതായി കമ്ബനി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിലെ ആദ്യ ഫലങ്ങള്‍ തന്നെ മികച്ചതാണെന്ന് ഫൈസര്‍ കമ്ബനി മേധാവി ആല്‍ബെര്‍ട്ട് ബൗര്‍ല പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എംആര്‍എന്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് രാജ്യങ്ങളിലെ 43,500 പേരിലാണ് നിലവില്‍ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നത്.

ആഗോളതലത്തിലുണ്ടായ ആരോഗ്യ പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയതായി ആര്‍ബെര്‍ട്ട് ബൗര്‍ല പറഞ്ഞു. ലോകം ആവശ്യപ്പെടുന്ന സമയത്താണ് കമ്ബനി വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്. മരണ സംഖ്യയും ഉയരുന്നു. ആഗോളതലത്തില്‍ ഈ വര്‍ഷം 50 മില്യണ്‍ ഡോസുകള്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം 1.3 ബില്യണ്‍ ഡോസുകള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here