ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് ദുബായിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനം.

ജൂലായ് ഒന്നുമുതൽ 25 ഫിൽസ് നിരക്കീടാക്കുമെന്ന് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അറിയിച്ചു. എക്‌സിക്യുട്ടീവ് കൗൺസിൽ പ്രഖ്യാപിച്ച നയമനുസരിച്ച് രണ്ടുവർഷത്തിനുള്ളിൽ സമ്പൂർണ നിരോധനം ലക്ഷ്യമിട്ടാണ് നിരക്കീടാക്കാനുള്ള തീരുമാനം.

റീട്ടെയിൽ ഷോപ്പുകൾ, തുണിക്കടകൾ, റെസ്റ്റോറന്റുകൾ, ഫാർമസികൾ, ഓൺലൈൻ ഡെലിവറി എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്റ്റോറുകളിലെയും ചെക്ക്ഔട്ട് കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് 25 ഫിൽസ് ഈടാക്കും.

സ്കൂളുകൾ, സർവകലാശാലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും വരുംആഴ്ചകളിൽ ഇതുസംബന്ധിച്ച് ബോധവത്കരണ കാമ്പയിനുകൾ നടത്തും. പ്ലാസ്റ്റിക് സഞ്ചികൾക്ക് ബദലായി പുനരുപയോഗിക്കാവുന്ന സഞ്ചികൾ നൽകാൻ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കും.

പാരിസ്ഥിതിക സുസ്ഥിരത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധി കൃതരുടെ പുതിയ നീക്കം.

അബുദാബിയിൽ ഈ വർഷം അവസാനത്തോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുമെന്ന് പരിസ്ഥിതി ഏജൻസി വ്യക്തമാക്കിയിരുന്നു. കൂടാതെ യു.എ.ഇ.യിലുടനീളം പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി നിർദേശിച്ചിരുന്നു. പ്ലാസ്റ്റിക് സ്ട്രോകൾ, ഡിസ്‌പോസിബിൾ പ്ലേറ്റുകൾ ഉൾപ്പെടെ 16-ഓളം പ്ലാസ്റ്റിക് ഇനങ്ങൾ നിരോധിക്കാൻ പദ്ധതിയിടുന്നതായി പരിസ്ഥിതി ഏജൻസി അധികൃതർ അറിയിച്ചിരുന്നു. ദുബായിലെ സിറ്റിലാൻഡ് കാരിഫോർ ഹൈപ്പർ മാർക്കറ്റ്, അറേബ്യൻ റാഞ്ചസിലെ കാരിഫോർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ നിർത്തുമെന്ന് മാജിദ് അൽ ഫുത്തൈം പ്രഖ്യാപിച്ചിരുന്നു.

10 വർഷത്തിനിടെ പ്ലാസ്റ്റിക് മാലിന്യം ഉള്ളിൽച്ചെന്ന് യു.എ.ഇ.യിലുടനീളം നൂറുകണക്കിന് ഒട്ടകങ്ങൾ ചത്തതായി ദുബായ് സെൻട്രൽ വെറ്ററിനറി റിസർച്ച് ലബോറട്ടറി ഉദ്യോഗസ്ഥർ കഴിഞ്ഞവർഷം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച വസ്തുക്കളായിരുന്നു ഇവയുടെ വയറ്റിൽനിന്നും കണ്ടെത്തിയത്. കൂടാതെ ആമകളും ഭീഷണി നേരിടുന്നുണ്ട്. മരുഭൂമിയിലേക്കും സമുദ്രത്തിലേക്കും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ജീവികൾക്ക് ഭീഷണിയുണ്ടാക്കുന്നത്. യു.എ.ഇ.യിൽ പ്രതിവർഷം 11 ബില്യൻ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here