പുഷ്‌പാകരൻ അപ്പുക്കുട്ടൻ

ഒരു കാലം നമ്മളെ വന്നു തൊടുന്നു എന്നുള്ളതാണ് ഈ എഴുത്തിന്റെ ഒരു ചന്തം. ഓർമകളിൽ മാത്രം തിരിച്ചു പിടിക്കാവുന്ന ജീവിതാനുഭവങ്ങളും മനുഷ്യരും പൂമരങ്ങൾ തണൽ വിരിച്ച പാതയിൽ നമുക്ക് കണ്ടു മുട്ടാനാകും.തങ്ങൾക്ക് അനുഭവിക്കാനാവാത്ത അപരജീവിതത്തിന്റെ ഉള്ള് എഴുത്തുകാരൻ വളരെ ശ്രദ്ധയോടെ പക്വതയോടെ വിടർത്തി വെക്കുന്നുമുണ്ട് ഇവിടെ.

തോമയുടെ ഗോലി കളിയിൽ തുടങ്ങി യാത്രാമൊഴിയിൽ ചെന്ന് നിൽക്കുമ്പോൾ നീറുന്ന പല അനുഭവങ്ങളിലൂടെ മാത്രമേ വായനക്കാരന് കടന്ന് പോകാൻ പറ്റൂ. കാലം അനുഭവങ്ങളെ ഓർമകളാക്കി വാക്കുകളാൽ കൊത്തി വെക്കുമ്പോൾ ചോര പൊടിയാതെ തരമില്ല.

ഗുരുവും ശിഷ്യനും എന്ന അതിഗംഭീരമായ ഒരധ്യായം ഉണ്ടിതിൽ. നമ്മളുടെ സങ്കൽപ്പലോകത്തെ മറിച്ചിടുന്ന മറ്റൊരു അനുഭവ ലോകം എഴുത്തുകാരനെ മാത്രമല്ല വായനക്കാരനെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

ഈ എഴുത്ത് വളരെ ലളിതമാണ്. മനുഷ്യന്റെ ഉള്ളിലേക്ക് ചേർന്നിരിക്കും. ഇപ്പോഴും അവനവൻ ജീവിച്ച ആ ചെറിയ ലോകത്തെയും മണ്ണിനെയും മരങ്ങളെയും മനുഷ്യരെയും നെഞ്ചോട് ചേർത്ത് വെക്കുന്നു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. പൂമരങ്ങളുടെ തണൽ വിരിച്ച പാതയിലൂടെ മനുഷ്യർ സന്തോഷത്തോടെ ഉത്സാഹത്തോടെ വർത്തമാനം പറയട്ടെ.

ഒരിക്കലും ശ്രദ്ധിക്കപ്പെടാത്ത മനുഷ്യരുടെ ലോകം ഓർമകൾകൊണ്ട് എഴുത്തുകാരൻ പിടിച്ചെടുക്കുന്നുണ്ട്. പൂരത്തിന്റെ അന്നെത്തുന്ന രാജേട്ടൻ പൂരം കഴിഞ്ഞ് ആനയുടെ പിന്നിൽ നടന്ന് നടന്ന് അകന്ന് പോകുന്ന കാഴ്ച്ച വെറുമൊരു കാഴ്ച്ച മാത്രമല്ല. ആഘോഷത്തിന്റെ ആണ്ടൊരിക്കൽ ഒറ്റ ദിവസം വന്നെത്തുന്ന പൂരം പോലെ തന്നെയാണത്.

ഗ്രാമ ജീവിതങ്ങളോടുള്ള ഇഴയടുപ്പം വലിയ നഗരങ്ങളിൽ ജീവിക്കുമ്പോഴും ഉടലിൽ നിന്ന് വേർപെട്ട് പോയിട്ടില്ല. മനുഷ്യബന്ധങ്ങൾ ഒരിക്കലും മറക്കാനാകാത്ത മനുഷ്യബന്ധങ്ങൾ പൂമരങ്ങൾ തണൽ വിരിച്ച വഴിയിൽ പൂക്കട്ടെ സുഗന്ധം പരത്തട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here