യൂറോ കപ്പില്‍ ഇന്ന് രണ്ട് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് നടക്കുന്നത്. രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഹോളണ്ട് ചെക് റിപബ്ലിക്കിനെ നേരിടും. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ടാം മത്സരത്തില്‍ തുല്യ ശക്തികളായ പോര്‍ച്ചുഗലും ബെല്‍ജിയവുമാണ് നേര്‍ക്കു നേര്‍ വരുന്നത്. നിലവിലെ യൂറോ കപ്പ് ചാമ്ബ്യന്മാരാണ് പോര്‍ച്ചുഗല്‍ എങ്കില്‍ ഇപ്പോഴത്തെ ഫിഫ ലോക നമ്ബര്‍ വണ്‍ ടീമാണ് ബെല്‍ജിയം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുക. സോണി ചാനലുകളില്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും.

യൂറോ കപ്പില്‍ ഇന്ന് ബെല്‍ജിയവും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ വരുമ്ബോള്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും. ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളോടൊപ്പമെത്താനുള്ള ശ്രമത്തിലാണ് താനെന്ന് മത്സരത്തിന് മുന്‍പ് ലുക്കാക്കു വ്യക്തമാക്കിയത് മത്സരത്തിന്റെ മാറ്റ് കൂട്ടുന്നു. പോര്‍ച്ചുഗലിനെതിരെ 32 വര്‍ഷമായുള്ള വിജയത്തിനുള്ള കാത്തിരിപ്പിന് വിരാമമിടാനാണ് ഇന്ന് ലുക്കാക്കുവും സംഘവും കളത്തിലിറങ്ങുന്നത്. അവസാനമായി 2018ലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. അതേസമയം ഇന്നത്തെ മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ അന്താരാഷ്ട്ര ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് സാധിക്കും. ഗ്രൂപ്പ് ബിയിലെ ചാമ്ബ്യന്മാരായാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കിയത്. കളിച്ച ഒരു മത്സരം പോലും അവര്‍ തോറ്റിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. കെവിന്‍ ഡിബ്രുയിനും റൊമേലു ലുക്കാക്കുവിനുമൊപ്പം ഏഡന്‍ ഹസാര്‍ഡിനെയും റോബര്‍ട്ടോ മാര്‍ട്ടിനസും നയിക്കുന്ന ശക്തമായ ബെല്‍ജിയന്‍ നിരയ്ക്കെതിരെ കടുപ്പമേറിയ മത്സരമായിരിക്കും പോര്‍ച്ചുഗലിനെ കാത്തിരിക്കുന്നത്.

മറുവശത്ത് മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫ് ഗ്രൂപ്പില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ജര്‍മനിയോട് 4-2ന് തോറ്റപ്പോള്‍ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിക്കാനും ഫ്രാന്‍സിനോട് 2-2 സമനില പിടിക്കാനും പോര്‍ച്ചുഗലിനായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസ താരത്തില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷകളെല്ലാം. പ്രധാനപ്പെട്ട മത്സരങ്ങളില്‍ എപ്പോഴും ടീമിന്റെ രക്ഷകനായി എത്താറുള്ള റൊണാള്‍ഡോ ബെല്‍ജിയത്തിനെതിരേയും ഈ മികവ് ആവര്‍ത്തിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഫ്രാങ്ക് ഡി ബോറിന്റെ ഓറഞ്ച് പട ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് നേരിടുന്നത്. ഗ്രൂപ്പ് സി ചാമ്ബ്യന്മാരായി എത്തുന്ന ഹോളണ്ടിന് ചെക്ക് പറയാന്‍ ജറുസലേവി സില്‍വാഹിയുടെ ചെക്കിന് ആകുമോ എന്നതാണ് ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ മൂന്നാം സ്ഥാനക്കാരായാണ് ചെക്ക് ടീം പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. ആകെ ഇംഗ്ലണ്ടിനോട് മാത്രമാണ് അവര്‍ പരാജയപ്പെട്ടത്. അവസാന രണ്ടു തവണ ഹോളണ്ടിനെ നേരിട്ടപ്പോഴും ചെക്ക് റിപ്പബ്ലിക്ക് വിജയിച്ചിരുന്നു. 2004ല്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 3-2ന്റെ ത്രില്ലര്‍ ചെക്ക് വിജയിച്ചത് ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇന്നും ഓര്‍മയില്‍ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here