2020-21 സീസണിലെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 12 ന് ആരംഭിക്കും. അടുത്തവര്‍ഷം മേയ് മൂന്നിനാണ് അവസാന റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ ഷെഡ്യൂള്‍ പ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് എട്ടിനായിരുന്നു ലീഗ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് രോഗവ്യാപനം കാരണം 2019-20 സീസണിലെ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വൈകിയതോടെ പുതിയ സീസണും വൈകുകയായിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2019-20 സീസണ്‍ മൂന്ന് മാസം നിര്‍ത്തിവച്ചിരുന്നു.

നിലവിലെ 2019-20 സീസണിലെ അവസാന മത്സരങ്ങള്‍ ഞായറാഴ്ച അവസാനിക്കും, അടുത്ത സീസണ്‍ പോരാട്ടങ്ങള്‍ക്ക് മുന്‍പുള്ള തയ്യാറെടുപ്പുകള്‍ക്കായി ടീമുകള്‍ക്ക് ഏഴ് ആഴ്ച സമയം നല്‍കും. എന്നാല്‍ ചാമ്ബ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനിരിക്കുന്ന ടീമുകള്‍ക്ക് അടുത്ത ഇപിഎല്‍ സീസണു മുന്‍പ് കുറഞ്ഞ സമയം മാത്രമാവും തയ്യാറെടുപ്പുകള്‍ക്കായി ലഭിക്കുക. ഓഗസ്റ്റ് 23നാണ് ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍, ഓഗസ്റ്റ് 21നാണ് യൂറോപ്പ ലീഗ് ഫൈനല്‍.

ഇന്റര്‍നാഷനല്‍ മത്സരങ്ങളുടെ ഇടവേള അവസാനിച്ചതിന് തൊട്ടുപിറകേയാവും ഇപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുക. സെപ്റ്റംബര്‍ 3 മുതല്‍ 8 വരെ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ നടക്കുമെന്ന് യുവേഫ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മത്സരങ്ങളുടെ സമയക്രമം സംബന്ധിച്ച്‌ ഫുട്ബോള്‍ അസോസിയേഷനുമായും (എഫ്‌എ) ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗുമായും (ഇഎഫ്‌എല്‍) കൂടിയാലോചന തുടരുമെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here