ദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ (Private Schools in Dubai) ഈ വര്‍ഷവും ഫീസ് കൂടില്ല (No fees Hike). 2022-23 അക്കാദമിക വര്‍ഷത്തിലും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് (Third academic year) ദുബൈയില്‍ സ്‍കൂള്‍ ഫീസ് വര്‍ദ്ധിക്കാതെ തുടരുന്നത്.

ശമ്പളവും വാടകയും മറ്റ് ചെലവുകളും ഉള്‍പ്പെടെ സ്‍കൂള്‍ നടത്തിപ്പിനുള്ള ചെലവ് കണക്കാക്കുന്ന എജ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സും ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയുടെ പരിശോധനയും അടിസ്ഥാനപ്പെടുത്തിയാണ് സ്‍കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതുണ്ടോ എന്ന് അധികൃതര്‍ തീരുമാനിക്കുന്നത്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് ഇതിനായി എജ്യുക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്. ഇത്തവണത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചും ഫീസ് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് അധികൃതര്‍ കൈക്കൊണ്ടത്. ഇത് മൂന്നാം വര്‍ഷമാണ് ദുബൈയില്‍ സ്‍കൂള്‍ ഫീസ് ഇങ്ങനെ ഒരേ നിലയില്‍ തുടരുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‍കൂള്‍ ഫീസില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ 2018-19 അദ്ധ്യയന വര്‍ഷം രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം സ്‍കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. തൊട്ടടുത്ത വര്‍ഷം പരമാവധി 4.14 ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇതുവരെ ഫീസ് വര്‍ദ്ധനവുണ്ടായിട്ടില്ല.

കണക്കുകള്‍ പ്രകാരം 2021 ഫെബ്രുവരി മുതല്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 5.8 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21 പുതിയ സ്‍കൂളുകള്‍ കൂടി ആരംഭിക്കുകയും ചെയ്‍തു. ഇതോടെ ദുബൈ എമിറേറ്റിലെ സ്വകാര്യ സ്‍കൂളുകളുടെ എണ്ണം 215 ആയി. അതേസമയം ഈ വര്‍ഷവും സ്‍കൂള്‍ ഫീസ് വര്‍ദ്ധിക്കില്ലെന്ന പ്രഖ്യാപനം പ്രവാസി രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ആശ്വാസവും ചില്ലറയല്ല.

LEAVE A REPLY

Please enter your comment!
Please enter your name here