ഖത്തറില്‍ കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ പുതിയ ഘട്ടം പ്രാബല്യത്തിലായി. കോവിഡ്-19 മുന്‍കരുതലുകള്‍ പാലിച്ച് 30 ശതമാനം ശേഷിയില്‍ പ്രാദേശിക പ്രദര്‍ശനങ്ങള്‍ക്ക് അനുമതി. കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ 4-ാം ഘട്ടത്തിലെ 2-ാം ഘട്ട ഇളവുകളുടെ ഭാഗമാണിത്. ചൊവ്വാഴ്ച മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തിലായി.

എല്ലാ പള്ളികളിലും പ്രതിദിന, വെള്ളിയാഴ്ച പ്രാർഥനക്കും അനുമതി. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 80 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി. ഷോപ്പിങ് മാളുകളില്‍ കുട്ടികള്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവയ്ക്കും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം. മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, ഇഹ്‌തെറാസ് ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതല്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജിസിഒ) നിര്‍ദേശിച്ചു.

ഇന്‍ഡോര്‍ വേദികളില്‍ പരമാവധി 15 പേര്‍ക്കും പുറംവേദികളില്‍ 40 പേര്‍ക്കും ഒത്തുകൂടാം. വിവാഹ പാര്‍ട്ടികളില്‍ അകത്ത് 40 പേര്‍ക്കും പുറത്ത് 80 പേര്‍ക്കും അനുമതി. സുഖുകള്‍ക്ക് 75 ശതമാനം, മൊത്ത വില്‍പ്പന മാര്‍ക്കറ്റുകള്‍ക്ക് 50 ശതമാനം, റസ്റ്ററന്റുകള്‍ക്കും ഷോപ്പിങ് മാളുകളിലെ ഫുഡ് കോര്‍ട്ടുകള്‍ക്കും 30 ശതമാനം ശേഷിയിലും പ്രവര്‍ത്തനം തുടരാം. മസാജ്, സൗന കേന്ദ്രങ്ങള്‍ക്കും സിനിമ തിയേറ്ററുകള്‍ക്കും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ശുചീകരണ, ആതിഥേയ സേവന മേഖലകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനും വീടുകളില്‍ പോയുള്ള സേവനത്തിനും അനുമതി.

പൊതു ഗതാഗത സംവിധാനങ്ങളായ ദോഹ മെട്രോ, കര്‍വ ബസുകള്‍ 30 ശതമാനം ശേഷിയില്‍ തന്നെ സര്‍വീസ് തുടരും. വാടകയ്ക്ക് എടുക്കുന്ന സ്വകാര്യ ബോട്ടുകള്‍, നൗകകള്‍ എന്നിവയ്ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ തുടരാം. കായിക മത്സരങ്ങളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ 20 ശതമാനവും ഔട്ട്‌ഡോര്‍ സ്റ്റേഡിയങ്ങളില്‍ 30 ശതമാനവും കാണികള്‍ക്ക് പ്രവേശിക്കാം. ഹെല്‍ത് ക്ലബ്ബ്, ജിം, നീന്തല്‍ കുളങ്ങള്‍ക്ക് 30 ശതമാനം ശേഷിയിലാണ് അനുമതി. സ്വകാര്യ വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here