ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര തന്നെ മതിയാക്കേണ്ടി വരും. ഇത്തരം സന്ദര്ഭത്തെക്കുറിച്ച് ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് എസ്.എ.എം ബഷീർ പങ്കുവച്ച കുറിപ്പാണിപ്പോൾ ശ്രദ്ധേയമാവുന്നത്.

“സൗദിയിലേക്ക് പോകാന്‍ വേണ്ടി യാത്രാ മധ്യേ ദോഹയില്‍ വിമാനമിറങ്ങിയ ഒരാളെ ഇന്നു പോലീസ് പിടിച്ചു കൊണ്ട് പോയിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ വന്നവരില്‍ നിന്നും നാട്ടില്‍ നിന്ന് ബന്ധുക്കളുടെ അടുത്തു നിന്നും ലഭിച്ച വിവരം അനുസരിച്ച് അദ്ദേഹത്തിന്റെ കയ്യില്‍ അമ്മാവന്റെ മുട്ട് വേദനക്ക് കഴിക്കാനുള്ള മരുന്ന് ഉണ്ടായിരുന്നു. പക്ഷെ അതിന്റെ പ്രിസ്‌ക്രിപ്ഷനോ ബില്ലോ കൈവശം ഉണ്ടായിരുന്നില്ല.

ഇവിടെ ഖത്തറില്‍ ചില അലോപ്പതി മരുന്നുകള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് കണ്ടു നിരോധിച്ചിട്ടുണ്ട്. അത്തരം മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ട് വരുന്നതോ കൈവശം വെക്കുന്നതോ ശിക്ഷാര്‍ഹമായ കുറ്റമാണ്. അത്തരക്കാരെ ലഹരിമരുന്നല്ല എന്ന് ബോധ്യപ്പെട്ടാല്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചയക്കും. ഓര്‍ക്കുക. ക്വാറന്റൈന്‍ നിയമത്തിലെ ഇളവുകള്‍ക്ക് വേണ്ടി സൗദിയിലെക്കോ മറ്റു രാജ്യങ്ങളിലേക്കോ ഖത്തര്‍ വഴി പോകുന്നവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതു ഓണ്‍ അറൈവല്‍ വിസയാണ്.

സാങ്കേതികമായി ഇത് ഖത്തറിലേക്ക് വരാന്‍ മാത്രമുള്ള വിസയാണ്. ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോകാതെ വേറെ രാജ്യങ്ങളിലേക്ക് പോകാന്‍ ഏതു രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ വിസയും വിവിധ വിമാനക്കമ്പനികള്‍ നിഷ്‌ക്കര്‍ഷിക്കുന്ന രേഖകളും ഉണ്ടായാല്‍ മതി. കയറിപ്പോകുന്നതിനു ഖത്തറില്‍ യാതൊരു വിധ തടസ്സവുമില്ല. ആ സൌകര്യമാണ് ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത്.

സ്വന്തം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തിയ ശേഷം മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുത്തുവാന്‍ ഖത്തര്‍ ഭരണകൂടം ചെയ്യുന്ന ഒരു ഉപകാരമാണ് ഇതെന്ന് മനസ്സിലാക്കുക. പക്ഷെ ഖത്തറിലേക്ക് വരുമ്പോഴും പോകുമ്പോഴും ഈ രാജ്യത്തിലെ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. ഇത് പോലെ മരുന്നുകള്‍ കൊണ്ട് വരുമ്പോള്‍ അത് ഖത്തറില്‍ നിരോധിക്കപ്പെട്ട മരുന്നാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. ഉറപ്പില്ലെങ്കില്‍ കൊണ്ട് വരരുത്. കൈവശം പ്രിസ്‌ക്രിപ്ഷനും ബില്ലും അടക്കംകൃത്യമായ രേഖകള്‍ ഉണ്ടാവണം.

ഈ സാഹചര്യത്തില്‍ അവരവര്‍ കഴിക്കുന്ന മരുന്നല്ലാതെ മറ്റൊരു മരുന്നും കൊണ്ട് വരാതിരിക്കാന്‍ ശ്രദ്ധിക്കുകയേ നിര്‍വ്വാഹമുള്ളൂ. അറിവില്ലായ്മ കൊണ്ടോ ദുരുപയോഗം ചെയ്‌തോ ഇത്തരം സൌകര്യങ്ങള്‍ ഇല്ലാതാക്കിയാല്‍ അത് കാരണം ഒരു പാട് പേര്‍ക്ക് ഇങ്ങനെ യാത്ര ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുക എന്ന് ഓര്‍ക്കുക. ഖത്തര്‍ വഴി പോകാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായ അറിവോട് കൂടി നിബന്ധനകളും നിയമങ്ങളും പാലിച്ചു കൊണ്ട് യാത്ര ചെയ്യുക.നിയമങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സംരക്ഷിക്കാനാണ്. അത് കൊണ്ട് തന്നെ ഈ സൗകര്യം ചെയ്തു തരുന്ന ഖത്തര്‍ എന്ന രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ഓരോ യാത്രക്കാരനും ബാധ്യസ്ഥരാണെന്നും കുറിപ്പില്‍ ഓര്‍മപ്പെടുത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here