റമസാനിൽ കുടുംബത്തിലെ നോമ്പുതുറയും (ഇഫ്താർ) അത്താഴ വിരുന്നും (സുഹൂർ) അംഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി അഭ്യർഥിച്ചു.

അടച്ചിട്ട മുറികളിലെ പരിപാടികളിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ ശുചീകരിക്കണം. റമസാനിൽ ഇഫ്താർ ടെന്റുകൾ സ്ഥാപിക്കുന്നവർ കർശന സുരക്ഷാ നിയമങ്ങൾ പാലിക്കണം.

സർക്കാരിന്റെയോ അംഗീകൃത ഏജൻസികളുടെയോ നേതൃത്വത്തിലായിരിക്കണം ടെന്റുകൾ സ്ഥാപിക്കേണ്ടത്. കൂടാരം വായു സഞ്ചാരമുള്ളതും നാലു ഭാഗങ്ങളിലൂടെയും കവാടം ഉള്ളതുമായിരിക്കണം. പ്രവേശനം ഗ്രീൻപാസ് ഉള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തി. ഇഫ്താറിന് മുൻപും ശേഷവും ടെന്റ് അണുവിമുക്തമാക്കണം.

ഉപയോഗിച്ച ശേഷം കളയാവുന്ന പ്ലേറ്റ്, കപ്, സ്പൂൺ, മേശ വിരി എന്നിവയാണ് ടെന്റിൽ നൽകേണ്ടത്. ഇഫ്താർ ടെന്റിനകത്ത് മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. ഭക്ഷണം വിതരണം ചെയ്യുന്നവർ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. പ്രതലങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്.

സംഭാവനകളും സമ്മാനങ്ങളും ആശംസകളും ഓൺലൈൻ വഴി മാത്രമായിരിക്കണമെന്നും നിഷ്കർഷിക്കുന്നു. പൊതു, കുടുംബ യോഗങ്ങളിൽ അമിതമായി ആളുകളെ പങ്കെടുപ്പിക്കരുത്. പ്രതിരോധ ശേഷി കുറഞ്ഞവരും രോഗം പിടിപെടാൻ സാധ്യതയുള്ളവരുമായവരെ പൊതു കുടുംബ പരിപാടികളിൽ പങ്കെടുപ്പിക്കുമ്പോൾ അതീവ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here