പ്രവാസി ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പുറത്തുവിട്ടു. ഇതനുസരിച്ച് ആദ്യ ദിവസമായ ഈ മാസം ഏഴിന് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്കുമാണ് വിമാനങ്ങൾ പറക്കുകയെന്ന് വ്യക്തമാക്കി. ഈ രണ്ട് കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നവരുടെ വിവരങ്ങൾ വെബ് സൈറ്റിൽ നേരത്തെ റജിസ്റ്റർ ചെയ്തതനുസരിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും തീരുമാനിക്കുമെന്നും അറിയിച്ചു.

ടിക്കറ്റ് നിരക്ക് സ്വയം വഹിക്കണം

യാത്ര ചെയ്യുന്നവർ വിമാന ടിക്കറ്റ് നിരക്ക് സ്വയം വഹിക്കണമെന്ന് കോൺസുലേറ്റ് അറിയിച്ചു. എന്നാൽ, ടിക്കറ്റ് നിരക്ക് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടാതെ, ഇന്ത്യയിലെത്തിയാൽ ക്വാറൻ്റീൻ ആവശ്യങ്ങൾക്കുള്ള ചെലവും വഹിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നമുള്ളവർക്ക് വിമാന യാത്രയ്ക്ക് പ്രത്യേക സൗകര്യമെന്തെങ്കിലും വേണമെങ്കിൽ അതിനുള്ള ചെലവും ഏറ്റെടുക്കണം. യാത്ര ചെയ്യുന്നവരുടെ പട്ടിക എംബസി/കോൺസുലേറ്റ് തയ്യാറാക്കിയ ശേഷം ടിക്കറ്റ് സംബന്ധമായ വിവരം കൈമാറുന്നതായിരിക്കും.

ആദ്യ ഘട്ടത്തിൽ ദുരിതത്തിലായ തൊഴിലാളികൾ

ആദ്യ ഘട്ടത്തിൽ ദുരിതത്തിലായ തൊഴിലാളികളെയാണ് കൊണ്ടുപോവുക. തുടര്‍ന്ന് വയോജനങ്ങൾ, അടിയന്തരമായി ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, പ്രതിസന്ധിയിലായ സന്ദർശക വീസക്കാർ, ജോലി നഷ്ടമായവര്‍, മറ്റു ബുദ്ധിമുട്ടുകളനുഭവപ്പെടുന്നവർ തുടങ്ങിയവരെ യാത്രയാക്കും. യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ എംബസി/കോൺസുലേറ്റ് ഇ–മെയിലിലൂടെയോ ടെലിഫോണിലൂടെയോ നേരിട്ട് ബന്ധപ്പെടും.

മറ്റ് കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നവരുടെ വിവരം ഉടൻ

കൊച്ചി, കോഴിക്കോട് എന്നീ കേന്ദ്രങ്ങളെ തുടർന്ന് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകുന്ന വിമാനങ്ങളുടെ വിവരങ്ങൾ വൈകാതെ എംബസിയും കോൺസുലേറ്റും പുറത്തുവിടും. ഇവയില്‍ യാത്ര ചെയ്യേണ്ടവരുടെ പട്ടികയും തയ്യാറാക്കി വരുന്നു. ഇന്ത്യൻ സർക്കാർ നടത്തുന്ന ഈ ബൃഹത്തായ ഉദ്യമം വിജയിപ്പിക്കാൻ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

ഇതുവരെ റജിസ്റ്റർ ചെയ്തത് 2 ലക്ഷം പേർ‌

ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാൻ യുഎഇയിൽ നിന്ന് ഇതുവരെ 2 ലക്ഷം പേർ വെബ് സൈറ്റിലൂടെ റജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. ഇവരെയെല്ലാം കൊണ്ടുപോകുന്നതിനായി മതിയായ സമയം ആവശ്യമുണ്ട്. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമായതിനാൽ, ഇന്ത്യൻ എംബസി/കോൺസുലേറ്റ് സന്ദർശനം ഒഴിവാക്കണമെന്നും നിർദേശിക്കുന്നു.

കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടുക:

∙ പ്രവാസി ഭാരതീയ സഹായത കേന്ദ്ര: 80046342 (ടോൾ ഫ്രീ)

∙ എംബസി(കോവിഡ്–19 ഹെൽപ് ലൈൻ) : +971-508995583

∙ ഇ–മെയിൽ : [email protected]

∙ ഇന്ത്യൻ കോൺസുലേറ്റ്(കോവിഡ്–19 ഹെൽപ് ലൈൻ) : +971-565463903, 543090575

∙ ഇ–മെയിൽ : [email protected]

കടപ്പാട് : മനോരമ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here