അബുദാബി : കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കം സാധ്യമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്കുള്ള മുൻഗണന പട്ടിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ ആവശ്യപ്പെട്ടു.

അതാത് രാജ്യങ്ങളിലെ എംബസികൾ, നോർക്ക, സന്നദ്ധ സംഘടനകൾ തുടങ്ങി പല സംവിധാനങ്ങളിലൂടെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടന്നു വന്നിരുന്നു. എന്നാൽ അർഹരിലേക്ക്‌ ഈ സന്ദേശം എത്തുകയോ ഉപയോഗപെടുത്തുകയോ ചെയ്തതതായി ഒരു ഉറപ്പും ഇല്ല. ആരോഗ്യ പ്രശ്നം ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, നിയമക്കുരുക്കിൽ പെട്ടവർ, ജയിൽ മോചിതർ, ഗർഭിണികൾ തുടങ്ങി അവശത അനുഭവിക്കുന്നവരുടെ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗപ്പെടുത്തി ആവശ്യം ഉന്നയിക്കാൻ കഴിയാത്തവരാകും മിക്കവരും. എംബസിയും കോൺസുലേറ്റും അതാത്‌ പ്രദേശങ്ങളിൽ തിരഞ്ഞെടുത്ത വോളന്റിയേഴ്സിനെ ചുമതലപ്പെടുത്തി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയായിരിക്കണം തിരിച്ചു പോക്കിന്റെ മുൻഗണനാപട്ടി അന്തിമമാക്കാൻ. അല്ലെങ്കിൽ അർഹർക്ക്‌ നാടണയാൻ കഴിയില്ല.

മാർഗങ്ങൾ സുതാര്യമാക്കി ആശയക്കുഴപ്പമില്ലാത്ത ഏകജാലക രീതിയായിരിക്കണം സ്വീകരിക്കേണ്ടത്. ഒപ്പം പ്രവാസ ലോകത്ത്‌ തൊഴിൽ നഷ്ടപ്പെട്ടും ജീവിതം മുട്ടിയും സ്വന്തം നാടയാൻ ശ്രമിക്കുന്നവർ വിമാന ടിക്കറ്റും ക്വാറന്റൈനും ഉൾപെടെ മുഴുവൻ ചെലവും വഹിക്കണമെന്ന നിർദ്ദേശം അപ്രായോഗികവും പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതുമാണ്.

ആവശ്യക്കാർ കൂടുതലും അനുവദിക്കപ്പെട്ട വിമാന സർവീസുകൾ അപര്യാപ്തവുമാകുമ്പോൾ കൃത്യമായ മാർഗ രേഖയും വ്യവസ്ഥാപിത രൂപവും ഇല്ലെങ്കിൽ ദുരുപയോഗത്തിന്‌ സാധ്യത ഏറെയാണ്.ഇന്ത്യയെ ആകെ പരിഗണിക്കുമ്പോൾ പേരിന്‌ പ്രാദേശിക സന്തുലനം നടത്തുന്നതിന്‌ പകരം അർഹരുടെ എണ്ണവും ആവശ്യക്കാരുടെ തോതും അനുസരിച്ചാണ്‌ വിമാന സർവീസ്‌ ഏർപ്പെടുത്തേണ്ടത്. വീതം വെയ്‌പുകൾക്ക്‌ പ്രസക്തിയില്ല. മേൽ വിഷയങ്ങളിൽ പുനഃപരിശോധനയുണ്ടാകണമെന്നും സത്വര നടപടികൾ സ്വീകരിക്കണമെന്നും ആർ എസ് സി ഗൾഫ് കൗൺസിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here