കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച്‌ അതിതീവ്ര വ്യാപനം റിപോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേകശ്രദ്ധ പാലിക്കേണ്ടതാണ്.

ലോകത്തെമ്ബാടും കൊവിഡ് പശ്ചാത്തലത്തില്‍ പല തീര്‍ത്ഥാടനങ്ങള്‍ ഒഴിവാക്കുകയോ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തുകയോ ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ശബരിമല തീര്‍ത്ഥാടനത്തിനും ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ധാരാളം തീര്‍ത്ഥാടകരും ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ മറ്റ് വ്യക്തികളും കൂട്ടമായെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാവും. ദീര്‍ഘദൂര യാത്രയ്ക്കിടെ കൊവിഡ് ബാധിക്കുന്ന തീര്‍ഥാടകരില്‍നിന്നും രോഗവ്യാപനത്തിനും സാധ്യതയുണ്ട്.

കൂടാതെ ഒത്തുകൂടുന്ന നിലക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളിലും രോഗവ്യാപനത്തിന് സാധ്യത ഏറെയാണ്. വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്ബര്‍ക്കമുണ്ടാകുന്ന അവസരം എന്നീ 3 സാഹചര്യങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടക്കുന്നത്. ഇത് മുന്നില്‍കണ്ടാണ് ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നത്.

  1. എല്ലാവരും ആരോഗ്യവകുപ്പ് നല്‍കുന്ന പൊതുവായ കൊവിഡ്-19 മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മലകയറുമ്ബോള്‍ ശാരീരിക അകലം പാലിക്കണം. തീര്‍ത്ഥാടകര്‍ ഒരിക്കലും അടുത്തടുത്ത് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിദിനം നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ അനുവദിക്കരുത്.
  2. യാത്രചെയ്യുമ്ബോള്‍ കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ഉപയോഗിക്കല്‍ എന്നിവ പാലിക്കേണ്ടതാണ്. യാത്രയില്‍ കൈ വൃത്തിയാക്കാന്‍ സാനിറ്റൈസര്‍ കരുതേണ്ടതാണ്.
  3. അടുത്തിടെ കൊവിഡ്-19 ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വാസതടസം, മണം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ തീര്‍ത്ഥാടനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.
  4. എല്ലാ തീര്‍ഥാടകരും നിലയ്ക്കലിലെത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരേണ്ടതാണ്. പ്രധാന പൊതുസ്ഥലങ്ങളിലും ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കൊവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്ക് പരിശോധന നടത്താവുന്നതാണ്.
  5. റാപ്പിഡ് ആന്റിജന്‍ നെഗറ്റീവ് പരിശോധനാഫലവും സ്വീകരിക്കുന്നതാണ്. എങ്കിലും യാത്രയിലെ മുന്‍കരുതലുകളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാക്കാന്‍ അനുവദിക്കില്ല.
  6. ശബരിമലയിലെത്തുമ്ബോള്‍ തീര്‍ത്ഥാടകര്‍ ഓരോ 30 മിനിറ്റിലും കൈകഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. എല്ലാവരും ശാരീരിക അകലം പാലിക്കുകയും ഫെയ്സ് മാസ്‌കുകള്‍ ശരിയായി ധരിക്കുകയും വേണം.
  7. കൊവിഡ്-19 ല്‍നിന്ന് സുഖം പ്രാപിച്ച രോഗികളില്‍ 10 ശതമാനം പേര്‍ക്ക് മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്ന രോഗലക്ഷണങ്ങള്‍ കാണാം. 2 ശതമാനം പേര്‍ക്ക് 3 മാസത്തോളം കാലമെടുക്കും അത് മാറാന്‍. അവയില്‍ ചിലത് കഠിനമായ അധ്വാനത്തിനിടയില്‍ പ്രകടമായേക്കാം. അത്തരക്കാര്‍ മലകയറുമ്ബോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍, കൊവിഡ്-19 ഭേദമായവര്‍ തീര്‍ത്ഥാടനത്തിന് പോവുന്നതിനുമുമ്ബ് അവരുടെ ശാരീരികക്ഷമത ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള എല്ലാ വ്യക്തികള്‍ക്കും തീര്‍ത്ഥാടനത്തിന് മുമ്ബായി പള്‍മോണോളജി, കാര്‍ഡിയോളജി ഫിറ്റ്നസ് എന്നിവ അഭികാമ്യമാണ്.
  8. നിലയ്ക്കലിലും പമ്ബയിലുമുള്ള ആളുകളുടെ ബാഹുല്യം ഒഴിവാക്കണം. ആളുകളുടെ ഒത്തുകൂടല്‍ ഒരുസ്ഥലത്തും അനുവദിക്കില്ല. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്ലറ്റുകള്‍ അണുവിമുക്തമാക്കേണ്ടതാണ്.
  9. തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും മുകളില്‍ സൂചിപ്പിച്ചതുപോലെ എല്ലാ ആരോഗ്യനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here