സൈക്കിൾ യാത്രക്കാരെ നിരീക്ഷിക്കാനും ട്രാക്കുകളിലെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമുള്ള സ്മാർട് സംവിധാനം ആർടിഎ കൂടുതൽ മേഖലകളിൽ നടപ്പാക്കുന്നു. നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) എന്നിവ ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണ ശൃംഖലയിൽ സൈക്കിൾ യാത്ര 100 ശതമാനവും സുരക്ഷിതമാക്കുകയാണു ലക്ഷ്യം.

നാദ് അൽ ഷെബ സൈക്ലിങ് ട്രാക്കിൽ ആദ്യഘട്ടം പൂർത്തിയായെന്നും എല്ലാ ട്രാക്കിലും ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ജൈടെക്സ് സാങ്കേതിക വാരാചരണത്തിൽ ആർടിഎ കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ: മുഹമ്മദ് യൂസഫ് അൽ മുധരിബ് പറഞ്ഞു.

ഡിജിറ്റൽ സേവനരംഗത്തെ പ്രമുഖ സ്ഥാപനമായ ഇവോടെക്സുമായി സഹകരിച്ചാണിത്. ദുബായിലെ എല്ലാ മേഖലകളെയും ബന്ധിപ്പിച്ച് സൈക്കിൾ ട്രാക്കുകൾ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.

നിയമലംഘനം കണ്ടെത്തും, തിരക്ക് ഒഴിവാക്കും

സൈക്കിൾ-ഇ സ്കൂട്ടർ യാത്രക്കാർ, കാൽനട യാത്രക്കാർ, ജോഗിങ് ട്രാക്ക് ഉപയോഗിക്കുന്നവർ എന്നിവരെ നിരീക്ഷിക്കാനും ട്രാക്കുകളിലെ തിരക്ക് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഈ സംവിധാനം സഹായിക്കും. എത്ര പേർ ട്രാക്കിലുണ്ടെന്നും മനസ്സിലാക്കാം.

സൈക്കിളുകൾ വേഗപരിധി ലംഘിക്കുന്നുണ്ടോയെന്നും ഹെൽമറ്റ് ധരിക്കുന്നതടക്കമുള്ള നിയമങ്ങൾപാലിക്കുന്നുണ്ടോയെന്നും കണ്ടെത്താം. യാത്രക്കാരന് ഹെൽമറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റ് എന്നിവ നിർബന്ധമാണ്. നല്ല പ്രകാശമുള്ള ഹെഡ് ലൈറ്റ് സൈക്കിളിൽ ഉണ്ടാകണം.

അപകടങ്ങൾ ആവർത്തിക്കുന്ന ട്രാക്കുകൾ കണ്ടെത്താനും കാരണങ്ങൾ പരിഹരിക്കാനും കഴിയും. ട്രാക്കുകളുടെ സാങ്കേതിക ന്യൂനതകളും മനസ്സിലാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here