അബൂദബിയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഉപദേശവും സാന്ത്വനവുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിലിരുന്ന് ഹീറോ ആകാനാണ് താരത്തിന്റെ ഉപദേശം. അബൂദബി മീഡിയ ഒാഫിസാണ് സൽമാന്റെ വിഡിയോ സന്ദേശം ട്വീറ്റ് ചെയ്തത്. ‘എനിക്കേറെ ഇഷ്ടപ്പെട്ട മനോഹരമായ നഗരമാണ് അബൂദബി. നിരവധി തവണ അബൂദബിയിൽ തങ്ങാൻ അവസരം ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും കരുതലൊരുക്കുന്ന ജനങ്ങളാണ് അവിടെയുള്ളത്. ഈ സമയവും അവർ നിങ്ങളെ കൈയൊഴിയില്ല. ദുരിതഘട്ടത്തിലും അവർ നിങ്ങേളാടൊപ്പമുണ്ടാകും.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. മുൻകരുതൽ നിർദേശങ്ങൾ പാലിക്കണം. നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷകൂടി മുൻനിർത്തി പ്രതിരോധ നടപടികൾ കൈക്കൊള്ളണം. ഇത് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കേണ്ട സമയമല്ല. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ സമയം വൈകാതെ പരിശോധിക്കണം. അബൂദബിയിൽ മികച്ച പരിശോധനയും ചികിത്സയുമാണ് ലഭിക്കുന്നത്. പോസിറ്റിവാണെന്നറിഞ്ഞാൽ കൂടുതൽ മുൻകരുതലെടുക്കണം. അതുവഴി കോവിഡ് വ്യാപനം തടയാൻ കഴിയും. ഹീറോകൾ ചെയ്യുന്നത് പോലെ ശരിയായ കാര്യം ചെയ്യൂ എന്നും സൽമാൻ വിഡിയോ സന്ദേശത്തിൽ ഉപദേശിക്കുന്നു.