നാളെ രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിൽ വരും

സൗദിയിൽ പൊതു ഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നാളെ രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. ആഭ്യന്തര വിമാനങ്ങള്‍, പൊതു ഗതാഗതത്തിനുള്ള ബസ്സുകള്‍, ട്രെയിന്‍ സര്‍വീസുകള്‍, ടാക്സികള്‍ എന്നിവക്കാണ് ഉത്തരവ് ബാധകമാവുക. നാളെ രാവിലെ ആറു മുതല്‍ 14 ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നത്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൊണ്ടു പോകുന്ന ബസ്സുകള്‍ക്ക് സര്‍വീസ് നടത്താം. കാര്‍ഗോ വിമാനങ്ങളും ട്രെയിനുകളും പതിവു പോലെ സര്‍വീസ് നടത്തും.

ഇന്നലെ രാത്രിയോടെ രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 274 ആയിരുന്നു. ഇന്നലെ രാത്രി 36 പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ റിയാദിലാണ്. 2 പേരുടെ നില വഷളായി തുടരുന്നു. എട്ട് പേര്‍ അസുഖത്തില്‍ നിന്നും മോചിതരായി. വിദേശത്തു നിന്നെത്തിയവര്‍ക്കാണ് കൂടുതലും അസുഖം സ്ഥിരീകരിച്ചത്. ബാക്കി ഇവരില്‍ നിന്നും പകര്‍ന്നുമാണ്. വരാനിരിക്കുന്നത് കടുപ്പമേറിയ ഘട്ടമെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സല്‍മാന്‍ രാജാവ് ഇന്നലെ രാത്രി പറഞ്ഞിരുന്നു. ഇന്നലെ വിദേശിയെന്നും സ്വദേശിയെന്നും വ്യത്യാസമില്ലാതെ ഈ സാഹചര്യം മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിയാദിലെ ശുമൈസി ഹോസ്പിറ്ററിലേക്ക് ഞായറാഴ്ച മുതല്‍ പുറമെ നിന്നുള്ള രോഗികള്‍ക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. റിയാദിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ നഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ്.

ഇന്ന് രാജ്യത്ത് ജുമുഅ ഇല്ല. പള്ളികളിലെ നമസ്കാരവും കഴിഞ്ഞ ദിവസം നിര്‍ത്തി വെച്ചിരുന്നു. ഹറമിന് പുറത്തെ മുറ്റങ്ങളിലും ജുമുഅയും നമസ്കാരവും ഉണ്ടാകില്ല. ഹറം പള്ളിക്കകത്തേക്ക് നിയന്ത്രിച്ച് മാത്രമാണ് ജുമുഅക്കും നമസ്കാരത്തിനും ആളുകള്‍ക്ക് പ്രവേശനം. മദീന പള്ളിയിലേക്കുള്ള പ്രവേശനം അനിശ്ചിതമായി വിലക്കിയിട്ടുണ്ട്. മദീനയില്‍ അസുഖം പടര്‍ന്ന തരത്തിലുള്ള വീഡിയോ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here