ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്.

നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കി. ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്. നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസില്‍ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പട്യാല ഹൗസ് കോടതിയുടെ മരണവാറന്‍റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. പ്രത്യേക തൂക്ക് തട്ട് തയ്യാറാക്കിയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.

രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി. താന്‍ സംതൃപ്തയാണെന്നും അവര്‍ പറഞ്ഞു.
ശിക്ഷ നടപ്പായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആൾക്കൂട്ടം ജയിലിനു പുറത്ത് മധുരം വിതരണം ചെയ്തു. തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്റ്റേ ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വധശിക്ഷ നടപ്പിലാക്കാന്‍ വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി വാദം കേട്ടതിന് ശേഷം തള്ളിക്കളയുകയായിരുന്നു. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്. ഒരു ബലാത്സംഗക്കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെയുള്ള ഹരജിയില്‍ അര്‍ധരാത്രി സുപ്രീം കോടതി വാദം കേട്ടെന്ന അപൂര്‍വതയും ഇതിലൂടെ രാജ്യത്ത് നടന്നു. കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു. പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here