സൗദിയില്‍ വധശിക്ഷയിൽ നിയന്ത്രണം വരുത്തി. 18 വയസിന് താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ല. പ്രായപൂർത്തിയാകാത്തവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. വിവിധ കേസുകളിൽ വിധിക്കാറുള്ള ചാട്ടയടി ശിക്ഷയും നിേരാധിച്ചിട്ടുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ചേർന്നാണ് രാജ്യത്തെ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. കുറ്റം ചെയ്യുന്ന സമയത്തോ, അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്തോ പ്രതിക്ക് 18 വയസിന് താഴെയാണ് പ്രായമെങ്കിൽ, അത്തരക്കാരെയാണ് വധശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത്.

കുട്ടി കുറ്റവാളികൾക്ക് ജുവനൈൽ ഹോമുകളിൽ പരമാവധി 10 വർഷം വരെ തടവുശിക്ഷയാണ് ഇനി ലഭിക്കുക. നിലവിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കേസുകളിൽ വധശിക്ഷ നിർത്തിവെക്കാനും പുനഃപരിശോധന ഹരജി സമർപ്പിക്കാനും പബ്ലിക് പ്രോസിക്യൂഷന് നിർദേശം നൽകി. രാജ്യത്ത് നിലവിലുണ്ടായിരുന്ന ചാട്ടവാറുകൊണ്ടുളള അടിശിക്ഷ നിരോധിച്ച് കൊണ്ട് കഴിഞ്ഞ ദിവസം സൗദി സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. ചാട്ടയടി ശിക്ഷയായുള്ള എല്ലാ കേസുകളിലും ഇനി തടവോ പിഴയോ രണ്ടും ചേർത്തോ മാത്രമാകും ശിക്ഷ ലഭിക്കുക. രാജ്യത്ത് നടപ്പാക്കുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മനുഷ്യാവകാശ കമീഷന്‍ പ്രസിഡൻറ് ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here