സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് ഏഴുപേർ കൂടി മരിച്ചു. ഏഴു പേരും വിദേശികളാണ്​. നാലു പേർ മക്കയിലും മൂന്നുപേർ ജിദ്ദയിലുമാണ്​ മരിച്ചത്​. 39നും 87നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇതോടെ ഇതുവരെയുള്ള ആകെ മരണ സംഖ്യ 191 ആയി. പുതിയ രോഗികളുടെ എണ്ണവും തിങ്കളാഴ്​ച ഉയർന്നു. 1645 ആളുകളിലാണ്​ പുതുതായി രോഗം കണ്ടെത്തിയത്​.​

രാജ്യത്ത്​ ഇതുവരെ റിപ്പോർട്ട്​ ചെയ്യ​പ്പെട്ട കോവിഡ്​ കേസുകളുടെ എണ്ണം ഇതോടെ 28656 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12006 കോവിഡ്​ ടെസ്​റ്റുകൾ രാജ്യത്ത്​ നടന്നു. ഇതോടെ ആകെ ടെസ്​റ്റുകളുടെ എണ്ണം 364,561 ആയി. പുതിയ രോഗികളിൽ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്​ ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതിൽ 19 ശതമാനം സൗദികളും 81 ശതമാനം വിദേശികളുമാണ്​. നാല്​​​ ശതമാനം കുട്ടികളും മൂന്ന്​​ ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്​. 342 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 4476 ആയി ഉയ​ർന്നു. ചികിത്സയിൽ കഴിയുന്ന 23989 ആളുകളിൽ 143 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 18 ദിവസം പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here