സൗദിയിൽ നിന്നും നിലവിലെ സാഹചര്യത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് അതിനുള്ള അവസരമൊരുങ്ങുന്നു.

സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയമാണു ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

ഇതിനായി വിവിധ സർക്കാർ വകുപ്പുകളുമായി യോജിച്ചുള്ള പദ്ധതി ഒരുങ്ങുകയാണെന്ന് മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം സൂചന നൽകി.

ആഗോള തലത്തിൽ കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി വിദേശികളുണ്ട്.

ഇങ്ങനെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാനുഷിക പരിഗണന വെച്ച് അവസരമൊരുക്കാനാണു തിരു ഗേഹങ്ങളുടെ സേവകൻ സല്മാൻ രാജാവിൻ്റെ നേതൃത്വത്തിലുള്ള ഭരണ നേതൃത്വം ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ജോലി ചെയ്യുന്ന സ്ഥാപനങ്ങളുമായുള്ള കരാറുകൾ അവസാനിപ്പിച്ച വിദേശികൾക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള അവസരമൊരുക്കണമെന്നത് തങ്ങൾ ഉദ്ദേശിച്ചതായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രത്യേക സാഹചര്യത്തിൽ തൊഴിലാളികളെ നാട്ടിലേക്കയക്കാൻ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാം. അപേക്ഷ മാനവ വിഭവശേഷി മന്ത്രാലയം പഠിച്ച ശേഷമാണു അപ്രൂവൽ ലഭിക്കുക. സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. നടപടിക്രമങ്ങൾ താഴെ വിവരിക്കുന്നു.

നിലവിൽ പ്രവർത്തനമുള്ള, സ്ഥാപനത്തിൻ്റെ ഔദ്യോഗിക പ്രതിനിധികൾക്കാണു സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക.

മന്ത്രാലയത്തിൻ്റെ സ്റ്റാറ്റസിൽ ഓൺ ദ ജോബ് സ്റ്റാറ്റസിൽ ഉള്ള തൊഴിലാളികൾക്കാണു ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കുക. അതായത് ഹുറൂബ് പോലുള്ളവ സീകരിക്കില്ല എന്നർത്ഥം.

1- എക്സിറ്റിൽ അയക്കാനുള്ള അപേക്ഷ ഒരിക്കൽ അപേക്ഷിച്ചാൽ പിന്നീട് 14 ദിവസത്തേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ ആദ്യ അപേക്ഷയിൽ തന്നെ പോകാനുള്ളവരുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തുകയാണു അഭികാമ്യം

2- പാസ്പോര്‍ട്ടിലുള്ള പ്രകാരമാണ് ഇതിനായുള്ള തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അപേക്ഷ പൂരിപ്പിക്കേണ്ടത്.

3- അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയാണ്. ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കിയതിന്റെ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിന്റെ രേഖ, കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തിയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്.

4- രോഗലക്ഷണങ്ങളാല്‍ യാത്ര മുടങ്ങിയാല്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ സംവിധാനവും കമ്പനി തയ്യാറാക്കണം.

5- അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുളളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും.

അടിയന്തിര സാഹചര്യങ്ങളില്‍ ഫൈനല്‍ എക്സിറ്റ് നേടിയ തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനൊപ്പം, തൊഴിലാളികളുമായി ലേബര്‍ കോണ്‍ട്രാക്ട് തീര്‍ന്ന കമ്പനികള്‍ക്കും നിലവില്‍ പ്രയാസം അനുഭവിക്കുന്ന കമ്പനികള്‍ക്കും തൊഴിലാളികളെ തിരിച്ചയക്കാന്‍ പുതിയ സംവിധാനം സഹായിക്കും. മാനുഷിക പരിഗണനയും കന്പനികളുടെ താല്‍പര്യവും പരിഗണിച്ചാണ് തൊഴില്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലെ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here