ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് 19 വകഭേദം കണ്ടെത്തിയതിയെ തുടർന്ന് സൗദിയിൽ രണ്ടാഴ്ച മുമ്പ് ഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാവിലക്കുകൾ പൂർണമായും നീക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ന്(ഞായർ) രാവിലെ 11 മുതലാണ് വിലക്കുകൾ നീങ്ങുക.

യുകെ, ദക്ഷിണാഫ്രിക്ക, കോവിഡ് -19 വകഭേദം കണ്ടെത്തിയ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന സ്വദേശികളല്ലാത്തവരോട് രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വറന്റീനിൽ കഴിയാൻ ആവശ്യപ്പെടുന്നതുൾപ്പെടെ ചില നിയന്ത്രണങ്ങളോടെയാണ് അതിർത്തികൾ തുറക്കുന്നത്. വ്യോമ, കര, കടൽ വഴിയുള്ള എല്ലാ പ്രവേശനവും ഇതോടെ പുനഃരാരംഭിക്കും. കോവിഡ് -19 വകഭേദം വ്യാപിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്ന സൗദി പൗരന്മാർ നിരീക്ഷണത്തിനായി 14 ദിവസം വീടുകളിൽ കഴിയണം. അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി പ്രവേശനാനുമതിയുള്ളവർക്കാണ് ഈ നിബന്ധന.

ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ജോർദാൻ, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ പുതിയ വൈറസ് വകഭേദം കണ്ടെത്തിയിരുന്നു.സൗദിയിൽ നിന്നുള്ള വിദേശികൾക്ക് പുറത്ത് പോകാൻ കഴിഞ്ഞ ആഴ്ചമുതൽ രാജ്യം അനുമതി നൽകിയിരുന്നു. ഇന്നത്തെ പ്രസ്താവനയോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള എല്ലാ തരം വിലക്കുകളുമാണ് നീങ്ങിയിരിക്കുന്നത്.

അതേ സമയം ഇന്ത്യയിൽ നിന്ന് സൗദയിലേക്ക് കടക്കാൻ നേരത്തെ നിലനിന്നിരുന്ന വിലക്കുകൾ തുടരും. ഇക്കാര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തുന്നതിന് മുമ്പ് നിലനിന്നിരുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അതേ സമയം അത്യാവശ്യക്കാർക്ക് സൗദിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് പുറത്ത് 14 ദിവസം ക്വറന്റീനിൽ കഴിഞ്ഞതിന് ശേഷം രാജ്യത്തേക്ക് വന്നിരുന്ന രീതിയിൽ സൗദിയിൽ എത്താനാകും എന്നത് മാത്രമാണ് ആശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here