ആരോഗ്യവകുപ്പ്​ ഫീൽഡ്​ സർവേ ശക്തമാക്കിയതോടെ സൗദിയിൽ 1147 പേരിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. രാജ്യത്ത്​ ഇതുവരെ വൈറസ്​ ബാധിതരുടെ എണ്ണം 11631 ആയി. ചൊവ്വാഴ്​ച ആറുപേർ കൂടി മരിച്ചതോടെ​ ആകെ മരണസംഖ്യ 109 ആയി.

പുതുതായി 150 പേർക്ക്​ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1640 ആയി. 9882 പേർ​ ചികിത്സയിൽ തുടരുന്നു​. ഇതിൽ 81 പേരാണ്​ ഗുരുതരാവസ്ഥയിൽ​. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ആരോഗ്യ വകുപ്പ് ജനങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിലേക്ക്​ നേരിട്ട്​ ചെന്ന്​ നടത്തിയ പരിശോധനയിലൂടെയാണ്​ രോഗബാധിതരായിട്ടും പുറത്തുപറയാതിരുന്ന നിരവധിയാളുകളെ കണ്ടെത്താൻ കഴിഞ്ഞത്​.

അഞ്ച്​ ദിവസം മുമ്പ്​ ആരംഭിച്ച ഫീൽഡ്​ സർവേയിലൂടെ അഞ്ച്​ ലക്ഷം പേരെ പ്രഥമിക പരിശോധനയ്​ക്ക്​ വിധേയമാക്കാൻ കഴിഞ്ഞു. രണ്ട്​ ലക്ഷത്തിലേറെ പി.സി.ആർ പരിശോധന (ലാബ്​ ടെസ്​റ്റ്​) നടത്തി. വരും ദിവസങ്ങളിലും ഫീൽഡ്​ സർവേ തുടരുമെന്നും സമൂഹ വ്യാപനം തടഞ്ഞ്​ രോഗത്തെ പിടിച്ചുകെട്ടാൻ ഇതല്ലാതെ വഴിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി പതിവ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​

LEAVE A REPLY

Please enter your comment!
Please enter your name here