ഇന്ത്യയിൽ നിന്നു സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതിനൊപ്പം യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടുക കൂടി ചെയ്തതോടെ പ്രവാസികളുടെ യാത്രാ പ്രതിസന്ധി കടുക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഉടൻ അവിടെ എത്താനായില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നു പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.

ഇരുരാജ്യങ്ങളിലേക്കുമായി പ്രവാസികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാരാണ് ടേക് ഓഫ് അനുമതി കാത്തിരിക്കുന്നത്. ഒരു വർഷത്തിനിടെ കേരളത്തിൽ മടങ്ങിയെത്തിയ 13.67 ലക്ഷം പ്രവാസികളിൽ 60% പേരും സൗദി, യുഎഇ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ജോലിയിൽ തുടരാൻ അവരിൽ പലരും മടങ്ങിയെങ്കിലും ഇനിയുമേറെ പേർ കാത്തിരിക്കുന്നു. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിയപ്പോൾ യുഎഇ വഴി സൗദിയിൽ എത്തിയിരുന്നു. അതു നിർത്തിയതോടെ മാലദ്വീപ്, നേപ്പാൾ, ബഹ്റൈൻ വഴിയായി യാത്രകൾ. ആ വഴികളും അടഞ്ഞതോടെ, റഷ്യയിലൂടെ സൗദിയിലേക്കും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്കും യാത്രാ പാക്കേജുമായി എജൻസികൾ രംഗത്തുണ്ട്.

റഷ്യയിലൂടെ നടപടികൾ പൂർത്തിയാക്കി സൗദിയിലെത്താൻ 2 ലക്ഷം രൂപയും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്ക് ഒരു ലക്ഷം രൂപയും ശരാശരി ചെലവു വരും. വിമാന ടിക്കറ്റുകൾക്കു പുറമേ, ഓരോ സ്ഥലത്തെയും ക്വാറന്റീൻ, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾകൂടി ഉൾപ്പെടെയാണിത്. വൻതുക നൽകി യാത്ര സാധ്യമാകാത്തതിനാൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് കൂടുതൽ പേരും. കഴിഞ്ഞ ദിവസം യുഎഇ ഉൾപ്പെടെ 11 രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് സൗദി നീക്കിയിട്ടുണ്ട്. അതിൽ ഇന്ത്യയില്ല.

സൗദിയുടെ വിലക്കു നീങ്ങിയതിനാൽ യുഎഇയിൽ നിന്നു സൗദിയിലേക്കു പോകാനാകും. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് യുഎഇ ജൂൺ 30 വരെ നീട്ടിയതോടെ വീണ്ടും പ്രതിസന്ധിയായി. കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിച്ചുകൊണ്ട് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണു പ്രവാസികളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here